മന്ത്രി ബന്ധുവും കൂട്ട ബലാത്സംഗ കേസില്‍

Webdunia
ഞായര്‍, 30 ജനുവരി 2011 (10:46 IST)
PRO
യുപിയിലെ ഗാസിയാബാദില്‍ ഓടുന്ന കാറിനുള്ളില്‍ വച്ച് ഒരു യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സംസ്ഥാന മന്ത്രിയുടെ ബന്ധുവും കൂട്ടാളിയും അറസ്റ്റിലായി. കഴിഞ്ഞ ഞായറാഴ്ചയാണ് ജോലി വാഗ്ദാനം നല്‍കി യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.

ബലാത്സംഗത്തിന് ഇരയായ ഹിന്ദു യുവതി ഡല്‍ഹിയിലെ മുസ്തഫാബാദിലുള്ള ഒരു മുസ്ലീം യുവാവിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. മതം മാറി വിവാഹം ചെയ്തതിനാല്‍ യുവതിക്ക് സ്വന്തം വീട്ടുകാരില്‍ നിന്നുള്ള സഹായമൊന്നും ലഭിച്ചിരുന്നില്ല. അതിനാല്‍, മെച്ചപ്പെട്ട ഒരു ജോലിക്കുള്ള ശ്രമത്തിലായിരുന്നു അവര്‍.

ഗാസിയാബാദിലുള്ള ഒരു കൂട്ടുകാരി കൂടുതല്‍ ശമ്പളമുള്ള ജോലി നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് യുവതിയെ വിളിച്ചു വരുത്തിയത്. അവര്‍ മന്ത്രിയുടെ ബന്ധുവടക്കം നാല് പേരെ പരിചയപ്പെടുത്തുകയും അവരോടൊപ്പം കാറില്‍ കയറ്റിവിടുകയും ചെയ്തു.

പുതിയ ജോലി എന്ന സ്വപ്നവുമായി കാറില്‍ കയറിയ യുവതിയെ നാല് യുവാക്കളും ചേര്‍ന്ന് ഓടുന്ന കാറില്‍ വച്ച് മാറിമാറി ബലാത്സംഗം ചെയ്ത ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഗണ്‍-ആര്‍ കാര്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ സംഭവം നടക്കുന്നതിന് പത്ത് ദിവസം മുമ്പാണ് ഗാസിയാബാദില്‍ ഒരു പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ ഓടുന്ന കാറില്‍ വച്ച് ബലാത്സംഗം ചെയ്തത്.