ഭോപ്പാല്‍: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്?

Webdunia
ശനി, 19 ജൂണ്‍ 2010 (16:49 IST)
PRO
ഭോപ്പാല്‍ വാതക ദുരന്ത കേസിലെ വിധിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ സമിതി ശനിയാഴ്ച വിധിയുടെ വിവിധ നിയമവശങ്ങള്‍ പരിശോധിച്ചു. പ്രതികള്‍ക്കെതിരെ ആരോപിച്ചിരുന്ന കുറ്റങ്ങള്‍ ലഘൂകരിച്ച സുപ്രീംകോടതി തീരുമാനത്തിനെതിരെ ഹര്‍ജി നല്‍കാനുള്ള ശുപാര്‍ശ മുന്നോട്ടു വയ്ക്കാന്‍ സമിതി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

1996 ല്‍ ആണ് പ്രതികള്‍ക്കെതിരെ ആരോപിച്ചിരുന്ന മന:പൂര്‍വമല്ലാത്ത നരഹത്യ ലഘൂകരിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ് വന്നത്. പ്രതികള്‍ക്കെതിരെ അശ്രദ്ധമൂലമുള്ള ജീവാപായത്തിന് കേസെടുത്താല്‍ മതിയെന്നാ‍യിരുന്നു കോടതി നിര്‍ദ്ദേശം. ഇതിനെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയിരുന്നു എങ്കിലും തള്ളിക്കളഞ്ഞിരുന്നു.

ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ സമിതി യോഗം വിചാരണ കോടതി വിധി തൃപ്തികരമല്ല എന്ന് അംഗീകരിച്ചു എന്നും വാ‍റന്‍ ആന്‍ഡേഴ്സനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള പുതിയ ശ്രമം നടത്തണമെന്ന് തീരുമാനിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഭോപ്പാല്‍ ദുരന്ത സ്ഥലത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തം ഡോ കെമിക്കല്‍‌സിനാണെന്ന നിയമമന്ത്രാലയത്തിന്റെ വാദവും സമിതി അംഗീകരിച്ചു എന്നാണ് സൂചന. മന്ത്രി സഭാ സമിതി ചില തീരുമാനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് എന്ന് യോഗത്തിനു ശേഷം സമിതി അധ്യക്ഷന്‍ പി ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഭോപ്പാല്‍ വാതക ദുരന്ത കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ച താമസിച്ചതും ലഘൂകരിച്ചതുമായ ശിക്ഷാ വിധി വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതെ തുടര്‍ന്ന്, ജൂണ്‍ ഏഴിനാണ് ഇതെ കുറിച്ച് പഠിക്കാനുള്ള സമിതി പുന:സംഘടിപ്പിച്ചത്. റിപ്പോര്‍ട്ട് തിങ്കളാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.