ബോധ ഗയയിലെ സ്ഫോടന പരമ്പര: രണ്ടുപേരെ കസ്റ്റഡിയിലെടുത്തു

Webdunia
ചൊവ്വ, 9 ജൂലൈ 2013 (11:17 IST)
PTI
PTI
ബോധ ഗയയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ദേശീയ അന്വേഷണ ഏജന്‍സിയാണ് അവരെ കസ്റ്റഡിയിലെടുത്തത്. സ്ഫോടനം ആസൂത്രണം ചെയ്‌തെന്നു സംശയിക്കുന്ന, സഹോദരന്മാരായ രണ്ടുപേരുടെ രേഖാചിത്രവും പൊലീസ്‌ പുറത്തുവിട്ടിട്ടുണ്ട്‌.

നാലോ അഞ്ചോ കിലോയുള്ള സിലണ്ടര്‍ ബോംബുകളായിരുന്നു സ്ഫോടനത്തിനുപയോഗിച്ചത്. കടലാസ്‌പെട്ടി, പ്ലാസ്റ്റിക്‌ സഞ്ചി, ബാഗ്‌ തുടങ്ങിയവയിലാകാം ബോംബുകള്‍ വച്ചതെന്നും മൂന്നോ നാലോ പേര്‍ ചേര്‍ന്നായിരിക്കാം ഇവ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചതെന്നും അന്വേഷണസംഘം കരുതുന്നു.

ഇന്നലെ രാവിലെ മുതല്‍ സന്യാസിമാരെ മാത്രമാണു ക്ഷേത്രത്തിലേക്കു പ്രവേശിപ്പിച്ചത്‌. വൈകിട്ട് പ്രത്യേക പൂജയും നടന്നു. ക്ഷേത്രത്തിന് സിഐഎസ്‌എഫ്‌ കാവല്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്‌. സംസ്ഥാനത്തു ഭീകരവിരുദ്ധ സ്ക്വാഡിന്‌ ഉടന്‍ രൂപംനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റ്‌ മേഖലയായ ഭട്ടറാച്ചിയില്‍നിന്നാണ്‌ ഒരാളെ പിടികൂടിയത്. ഇന്ത്യന്‍ മുജാഹിദീന്‍ അംഗമായ ഒരാളെ കൊല്‍ക്കത്തയില്‍ നിന്നും പിടിയിലായി. ഇരുവരും കഴിഞ്ഞ മാസം ബിഹാര്‍ സന്ദര്‍ശിച്ചെന്നും പട്നയില്‍ സ്ഫോടനം നടത്താനാണ്‌ ആദ്യം പദ്ധതിയിട്ടതെന്നും പിന്നീടു ബോധ ഗയയിലേക്കു മാറ്റുകയായിരുന്നുവെന്നും പൊലീസ്‌ പറയുന്നു.

സഹിദുറഹ്മാന്‍, സയ്ഫുറഹ്മാന്‍ എന്നിവരുടെ രേഖാചിത്രങ്ങളാണ്‌ എന്‍ഐഎ പുറത്തുവിട്ടത്‌. ഇവരിലൊരാള്‍ സ്കോട്‌ലന്‍ഡിലും രണ്ടാമന്‍ സൗദി അറേബ്യയിലുമാണ് കഴിയുന്നത്‌. മേയ്‌ ആറിന് സഹിദും ഒരുമാസത്തിന് ശേഷം സയ്ഫും ഇന്ത്യയിലെത്തി.