കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടന്ന നൃത്ത പരിപാടിയില്‍ ദിവ്യ ഉണ്ണിക്ക് നല്‍കിയത് 5 ലക്ഷം രൂപ. പരിപാടിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരുടെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ദിവ്യ ഉണ്ണിക്ക് കൂടുതല്‍ തുക നല്‍കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്. അതേസമയം ഉമ തോമസ് എംഎല്‍എക്ക് പരിപാടിക്കിടെ അപകടം ഉണ്ടായതുമായി ബന്ധപ്പെട്ട കേസില്‍ ദിവ്യ ഉണ്ണിയുടെ മൊഴി പോലീസ് ഓണ്‍ലൈനായി രേഖപ്പെടുത്തുമെന്നാണ് വിവരം.
സംഘാടകരെ പൂര്‍ണമായും ചോദ്യം ചെയ്ത ശേഷമായിരിക്കും മറ്റുള്ളവര്‍ക്ക് പോലീസ് നോട്ടീസ് നല്‍കുക. അതേസമയം ഉമാതോമസിനെ കാണാന്‍ പോലും നടി ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന വിമര്‍ശനവുമായി നടി ഗായത്രി വര്‍ഷ രംഗത്തെത്തി. സംഭവം ഉണ്ടായതില്‍ ഖേദിക്കുന്നുവെന്ന് പറയാന്‍ പോലും ദിവ്യയ്ക്ക് മനസ്സുണ്ടായില്ല. കലാപ്രവര്‍ത്തനങ്ങള്‍ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടി. ദിവ്യ ഉണ്ണിയുടെ കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായെന്നും ഗായത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ മാധ്യമങ്ങള്‍ സംഘാടകരുടെ പേര് മറച്ചുവെച്ചുവെന്നു ഗായത്രി വര്‍ഷ ആരോപിച്ചു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഗായത്രി വര്‍ഷ ഇക്കാര്യം പറഞ്ഞത്. സംഘാടനത്തില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയ പൊലീസ് ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു.