ബി ജെ പിയില്‍ ചേരും; മരിച്ചാലും ചേരില്ല: കെജ്‌രിവാളിന്‍റെ കളി!

Webdunia
ബുധന്‍, 2 ഏപ്രില്‍ 2014 (19:59 IST)
PTI
പ്രകൃതി വാതകത്തിന്റെ വില കൂട്ടില്ലെന്ന് നരേന്ദ്രമോഡി ഉറപ്പു നല്‍കിയാല്‍ ബി ജെ പിയില്‍ ചേരുമെന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാക്കുകള്‍ വിവാദമായി. പ്രസ്താവന വിവാദമായതോടെ പ്രസ്താവന തിരുത്തിയ കെജ്‌രിവാള്‍, മരിച്ചാലും ബി ജെപിയില്‍ ചേരില്ലെന്നു വ്യക്തമാക്കി.

പ്രകൃതിവാതകത്തിന്റെ വിലവര്‍ധന ഉയര്‍ത്തിപ്പിടിച്ച് പ്രചാരണം നടത്തുന്നതിനിടെയാണു വില കൂട്ടില്ലെന്നു മോഡി ഉറപ്പ് നല്‍കിയാല്‍ ബി ജെ പിയില്‍ ചേരാമെന്ന് കെജ്‌രിവാള്‍ പറഞ്ഞത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായ രാജ്മോഹന്‍ ഗാന്ധിക്ക് വേണ്ടി കിഴക്കന്‍ ഡല്‍ഹി മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു കെജ്‌രിവാളിന്റെ വിവാദ പരമാര്‍ശം.

മോഡിയെ വെല്ലുവിളിക്കുക മാത്രമാണ് കെജ്‌രിവാള്‍ ചെയ്തതെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ വിശദീകരണം. പരാജയഭീതിയെത്തുടര്‍ന്നാണ് കെജ്‌രിവാളിന്റെ വാക്കുകളെന്ന് ബി ജെ പി വിമര്‍ശിച്ചു. പ്രകൃതിവാതകത്തിന്റെ വിലവര്‍ധനയടക്കമുള്ള വിഷയങ്ങളിലെ ജനവികാരം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടി.