പുതിയ പാർട്ടിയുമായി താൻ ഉടൻ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് നടൻ കമൽ ഹാസൻ. തന്റെ കയ്യിൽ പണമൊന്നും ഇല്ലെന്നും തനിക്ക് സ്വീസ് ബാങ്കിൽ അക്കൗണ്ടില്ലെന്നും അതിനാൽ ജനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചായിരിക്കും പ്രവർത്തനമെന്നും കമൽ ഹാസൻ പറഞ്ഞു.
‘‘എനിക്ക് സ്വിസ് ബാങ്കിൽ അക്കൗണ്ടില്ല; അവിടെയുള്ള കള്ളപ്പണം തിരികെ കൊണ്ടുവരികയാണു ലക്ഷ്യം’’– കേളമ്പാക്കത്തു കമൽ വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ സംസാരിക്കവേയാണു അദ്ദേഹം ഉടൻ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് വ്യക്തമാക്കിയത്.
ജനങ്ങളിൽനിന്നുള്ള സംഭാവനാ വിവരങ്ങൾ പങ്കുവയ്ക്കുന്ന മൊബൈൽ ആപ്പ് ഇന്ന് പുറത്തിറക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. 'ക്ഷേത്രങ്ങൾ പൊളിച്ച് നിക്കണമെന്ന അഭിപ്രായമുള്ള ആളല്ല ഞാൻ. പക്ഷേ മതത്തിന്റെ പേരിൽ വിഷം നൽകിയാൽ കുടിക്കരുത്' - കമൽ വ്യക്തമാക്കി. തനിക്ക് ഇപ്പോൾ തന്നെ ആവശ്യത്തിനു തല്ലുകൊണ്ടുകഴിഞ്ഞുവെന്നും ഇനിയും തുടർച്ചയായി അടിക്കാൻ താൻ മൃദംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഹിന്ദു ഭീകരവാദം നിലനിൽക്കുന്നുവെന്ന പ്രസ്താവനയുടെ പേരിൽ കമലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു ചെന്നൈ പൊലീസിനു പരാതി ലഭിച്ചു. പ്രസ്താവനയുടെ പേരിലുള്ള ഹർജി വാരാണസി കോടതിയും പരിഗണിക്കാനിരിക്കുകയാണ്. കമലിനെ വെടിവെച്ച് കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന ഹിന്ദു മഹാസഭയുടെ പ്രസ്താവനയ്ക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു.