ബിഗ്‌ബിയുടെ സേവനം പ്രതിഫലമില്ലാതെ: ഗുജറാത്ത്

Webdunia
ശനി, 26 മാര്‍ച്ച് 2011 (20:21 IST)
PRO
PRO
ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ പ്രതിഫലം വാങ്ങാതെയാണ് സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി വഹിക്കുന്നതെന്ന് ഗുജറാത്ത് സര്‍ക്കാര്‍. രാഘവ്ജി പട്ടേല്‍ എം എല്‍ എയുടെ ചോദ്യത്തിന് എഴുതിനല്‍കിയ മറുപടിയിലാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ഇതാദ്യമായാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തുന്നത്. ബ്രാന്‍ഡ് അംബാസഡര്‍ പദവി വഹിക്കുന്നതിനും പരസ്യപ്രചാരണത്തില്‍ ഏര്‍പ്പെടുന്നതിനും ബച്ചന്‍ പ്രതിഫലമൊന്നും വാങ്ങിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന്റെ ടൂറിസം വകുപ്പിന്റെ പരസ്യപ്രചരണത്തിനായി 2009ലും 2010ലും 37.66 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. 2010ല്‍ മാത്രം ചിലവായത് 20 കോടി രൂപയാണ്. അമിതാഭ് ബച്ചന്‍ സംസ്ഥാനം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട ചിലവുകളും ഇതില്‍ ഉള്‍പ്പെടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.