ബസുവിന് ഇന്ന് അവസാന സല്യൂട്ട്

Webdunia
ചൊവ്വ, 19 ജനുവരി 2010 (09:06 IST)
PRO
ജ്വലിക്കുന്ന ഓര്‍മ്മയായി മാറിയ കമ്യൂണിസ്റ്റ് താത്വികാചാര്യന്‍ ജ്യോതിബസുവിന് ഇന്ന് ജനലക്ഷങ്ങള്‍ അന്ത്യപ്രണാമം അര്‍പ്പിക്കും. കൊല്‍ക്കത്തയിലെ പീസ് ഹെവന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ബസുവിന്റെ ഭൌതിക ശരീരം ഇന്ന് രാവിലെ അലിമുദീന്‍ തെരുവിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ച ശേഷം സംസ്ഥാന നിയമസഭാ മന്ദിരമായ റൈറ്റേഴ്സ് ബില്‍ഡിംഗില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

റൈറ്റേഴ്സ് ബില്‍ഡിംഗില്‍ പത്ത് മണി മുതല്‍ മൂന്ന് മണി വരെ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രത്യേക സൌകര്യമൊരുക്കിയിട്ടുണ്ട്. മൂന്ന് മണിക്ക് ശേഷം ബസുവിന്റെ അന്തിമ വിലാപയാത്ര നടക്കും. മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി കൈമാറുന്ന എസ്‌എസ്‌കെ‌എം ആശുപത്രിയിലേക്ക് ആണ് അന്തിമ യാത്ര.

ആശുപത്രിക്ക് സമീപമുള്ള മോഹര്‍കുഞ്ജ് പാര്‍ക്കിന് അടുത്തുവച്ച് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. വിലാപയാത്ര ആശുപത്രിയില്‍ എത്തിച്ചേര്‍ന്ന ശേഷം ഇന്ത്യയില്‍ ജീവിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് താത്വികാചാര്യന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി കൈമാറും.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന, മുന്‍ പട്ടാള ഭരണാധികാരി മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ വിലാപയാത്രയില്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രണാബ് മുഖര്‍ജി, ശരദ് പവാര്‍,ജയ്പാല്‍ റെഡ്ഡി, എച്ച് ഡി ദേവഗൌഡ, എല്‍ കെ അദ്വാനി തുടങ്ങിയ പ്രമുഖ നേതാക്കളും ഇന്ന് അന്ത്യയാത്രയില്‍ പങ്കെടുക്കും.