ബലൂചിസ്ഥാനില്‍ ഇന്ത്യ ഇടപെട്ടിട്ടില്ല: ചിദംബരം

Webdunia
ശനി, 25 ജൂലൈ 2009 (13:11 IST)
ബലൂചിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന വാര്‍ത്ത കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം നിഷേധിച്ചു. ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ചിദംബരം ഇന്ത്യക്ക് എതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം ആണെന്ന് പറഞ്ഞത്.

പാകിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടല്‍ നടത്തുകയില്ല. പ്രതിപക്ഷം വിവാദമാക്കിയിരിക്കുന്ന ഇന്തോ-പാക് സംയുക്ത പ്രസ്താവനയുടെ കാര്യത്തില്‍ പാര്‍ട്ടി പ്രധാനമന്ത്രിക്ക് ഒപ്പം അല്ല എന്ന റിപ്പോര്‍ട്ടുകള്‍ ചിദംബരം നിഷേധിക്കുകയും ചെയ്തു.

സംയുക്ത പ്രസ്താവനയെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച വരുമ്പോള്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് പിന്നില്‍ അടിയുറച്ച് നില്‍ക്കും.

മുംബൈ ഭീകരാക്രമണത്തില്‍ കുറ്റാരോപിതരായ സക്കിയുര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെയുള്ളവരെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന വിശ്വാസമില്ല. പാകിസ്ഥാന്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നത് പോലും പുരോഗമനപരമായ നടപടിയായി കണക്കാക്കും എന്നും ചിദംബരം പറഞ്ഞു.

പാകിസ്ഥാന്‍ ഭീകരതയ്ക്കെതിരെ ആത്മാര്‍ത്ഥമായ പോരാട്ടമാണ് നടത്തുന്നത് എങ്കില്‍ 26/11 വിചാരണ വേഗത്തിലാക്കും. ഇതുവരെയായും വിചാരണ തുടങ്ങാത്ത നിലയ്ക്ക് പാകിസ്ഥാന് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെന്ന് എങ്ങനെ പറയാന്‍ സാധിക്കും, ചിദംബരം ചോദിച്ചു.

കസബിന്റെ കുറ്റസമ്മതത്തിലൂടെ പാകിസ്ഥാന് 26/11 ആക്രമണത്തില്‍ പങ്കുണ്ട് എന്ന് തെളിഞ്ഞോ എന്ന ചോദ്യത്തിന്, ‘ഇതുവരെ ഇല്ല. അത് കോടതിയില്‍ നിന്ന് അറിയേണ്ടതുണ്ട്’ എന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ മറുപടി.

26 /11 പോലെ തീവ്രമായ ഒരു ആക്രമണം പാകിസ്ഥാനിലെ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായമില്ലാതെ നടത്താനാവില്ല. ഇത് ഇന്ത്യയുടെ മുന്‍‌വിധിയാണ്. ഇത്തരത്തിലല്ല സംഭവം എന്ന് തെളിയിക്കേണ്ട ബാധ്യത പാകിസ്ഥാനാണ്.

കസബിന് തൂക്കുമരം നല്‍കിയാല്‍ പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്സല്‍ ഗുരുവിന് വധശിക്ഷ നല്‍കിയതു പോലെ ശിക്ഷ നീളുമോ എന്നും അഭിമുഖത്തില്‍ ചോദ്യമുണ്ടായി. കസബിന്റെ ശിക്ഷ ഇതുവരെയായും വിധിച്ചിട്ടില്ല എന്നും ഇക്കാര്യത്തില്‍ മുന്‍‌വിധികള്‍ നടത്തേണ്ട കാര്യമില്ല എന്നും ചിദംബരം മറുപടി പറഞ്ഞു.