ഫോണ്‍ ചോര്‍ത്തല്‍: കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ കൊണ്ടുവരുന്നു

Webdunia
ശനി, 6 ജൂലൈ 2013 (14:45 IST)
PRO
PRO
ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ശേഖരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ കൊണ്ടുവരുന്നു. പുതിയ മാര്‍ഗരേഖയ്ക്ക് വേണ്ട കരടുരേഖ ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഫോണ്‍വിളികളുടെ രേഖകള്‍ ചോര്‍ന്നത് വിവാദമായതിനെ തുടര്‍ന്നാണ് പുതിയ മാര്‍ഗരേഖ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച മാര്‍ഗരേഖയില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ ടെലിഗ്രാഫ് ആക്ടില്‍ 16 ഭേദഗതി നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നോട്ടു വെച്ചിരിക്കുന്നത്.

നിയമമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ടെലഗ്രാഫ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇനിമുതല്‍ ആറ് മാസത്തിലധികം ഫോണ്‍കോള്‍ വിശദാംശങ്ങള്‍ സൂക്ഷിക്കാനാവില്ലെന്ന ശുപാര്‍ശയും കരട് രേഖയിലുണ്ട്.