പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവിന്റെ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

Webdunia
വ്യാഴം, 13 ജൂണ്‍ 2013 (08:25 IST)
PRO
പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്ക് ഡിഎല്‍എഫുമായുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. റോബര്‍ട്ട് വധേരയുടെ വിവാദ ഇടപാടുമായി ബന്ധപ്പെട്ട ഫയല്‍ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നിഷേധിച്ചത്.

' അതീവരഹസ്യം' എന്ന് വിശേഷിപ്പിച്ചാണ് നൂതന്‍ ഠാക്കൂര്‍ നല്‍കിയ അപേക്ഷ നിരസിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മകള്‍ പ്രിയങ്കയുടെ ഭര്‍ത്താവാണ് വധേര. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഡിഎല്‍എഫുമായി അദ്ദേഹത്തിന്റെ കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് ഉചിതമായ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് നൂതന്‍ താക്കൂര്‍ നേരത്തേ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍ രണ്ട് സ്വകാര്യസ്ഥാപനങ്ങളുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് പിഎംഒ. കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി കോടതി തള്ളി. പിഎംഒ. കോടതിക്ക് നല്‍കിയ മറുപടിക്ക് ആസ്പദമായ ഫയലുകളാണ് ഹര്‍ജിക്കാരി വിവരാവകാശ നിയമപ്രകാരം ആരാഞ്ഞത്. ഏതൊക്കെ മന്ത്രാലയങ്ങളുമായി ഇക്കാര്യത്തില്‍ പിഎംഒ. ആശയവിനിമയം നടത്തിയെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ തേടിയിരുന്നു. ഇത്തരം കാര്യങ്ങള്‍ രഹസ്യമാണെന്നും വെളിപ്പെടുത്താനാവില്ലെന്നുമാണ് പ്രധാനമന്ത്രികാര്യാലയം വ്യക്തമാക്കിയത്.