പ്രധാനമന്ത്രിയാവാന്‍ ബിജെപിയില്‍ അടി തുടങ്ങി!

Webdunia
ശനി, 28 മെയ് 2011 (15:33 IST)
PTI
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ബിജെപിയില്‍ ശക്തമായ ഉള്‍പ്പോര് നടക്കുന്നു എന്ന് സൂചന. ഇതിന്റെ ബഹിര്‍സ്ഫുരണമാണ് ബെല്ലാരി സഹോദരന്‍‌മാരെ കുറിച്ച് സുഷമ സ്വരാജും അരുണ്‍ ജയ്‌റ്റ്‌ലിയും തമ്മില്‍ നടത്തുന്ന വാദപ്രതിവാദങ്ങളെന്നും റിപ്പോര്‍ട്ടുകള്‍.

2014- ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്‌ലിയും ശ്രമിക്കുന്നുണ്ട്‍. ഇത് പരസ്പരമറിയാവുന്നതിനാല്‍ അടുത്ത കാലത്തായി ഇരുവരും പോരടിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കുന്നുമില്ല. കര്‍ണാടകത്തിലെ ബല്ലാരി സഹോദരന്‍‌മാരെ മന്ത്രിമാരാക്കിയത് സുഷമ സ്വരാജ് ആണെന്ന് അരുണ്‍ ജയ്‌റ്റ്‌ലി നടത്തിയ അഭിപ്രായ പ്രകടനത്തിന് സുഷമ ശക്തമായ മറുപടിയാണ് നല്‍കിയത്.

ജയ്‌റ്റ്‌ലി പറയുന്നത് നുണയാണ് എന്ന് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സുഷമ പറയുന്നു. ബെല്ലാരി സഹോദരന്‍‌മാരെ മന്ത്രിമാരാക്കിയതില്‍ തനിക്ക് പങ്കൊന്നുമില്ല എന്ന് പറയുന്ന സുഷമ അവര്‍ മന്ത്രിമാരാവുന്ന സമയത്ത് ജയ്‌റ്റ്‌ലിക്കായിരുന്നു ഉത്തരവാദിത്വം എന്നും വ്യക്തമാക്കുന്നു. അരുണ്‍ ജെയ്‌റ്റിലി, യദ്യൂരപ്പ, വെങ്കയ്യ നായിഡു, അനന്ത് കുമാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നതെന്നും സുഷമ പറഞ്ഞു.

2009- ല്‍ വിമത നീക്കത്തില്‍ കര്‍ണാടക സര്‍ക്കാര്‍ വീഴുമെന്ന് തോന്നിയപ്പോള്‍, വിമത നീക്കം നടത്തിയിരുന്ന ബല്ലാരി സഹോദരന്‍‌മാരോട് ചര്‍ച്ച നടത്തണമെന്ന് ജയ്‌റ്റ്‌ലിയോടും അന്നത്തെ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗിനോടും ആവശ്യപ്പെട്ടു എന്നുള്ളത് മാത്രമാണ് താന്‍ ചെയ്ത പാപം എന്നും സുഷമ പറഞ്ഞു. റെഡ്ഡി സഹോദരന്‍‌മാരുമായി താനും ചര്‍ച്ച നടത്തി. അന്ന് അവരുമൊത്തുള്ള ഫോട്ടോ വെളിയില്‍ വന്നതുമുതല്‍ പലരും തന്നെ റഡ്ഡി സഹോദരന്മാരുടെ സംരക്ഷകയായി കാണുവാന്‍ തുടങ്ങി എന്നും സുഷമ പറയുന്നു.

പാര്‍ട്ടിയില്‍ തനിക്ക് എതിരെ ആരെങ്കിലും പ്രവര്‍ത്തിക്കുന്നു എന്ന് കരുതുന്നില്ല. എന്നാല്‍, ആരുടെയും വളര്‍ച്ച ഇഷ്ടപ്പെടാത്ത അസൂയാലുക്കള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും സുഷമ പറഞ്ഞു.

അതേസമയം, റഡ്ഡി സഹോദരന്‍‌മാരെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് മന്ത്രിയാക്കിയതെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് പറഞ്ഞു. റഡ്ഡി സഹോദരന്‍‌മാരെ മന്ത്രിമാരാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്ന് കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്.