പേമാരി: തമിഴ്‌നാട്ടില്‍ 103 മരണം

Webdunia
ശനി, 29 നവം‌ബര്‍ 2008 (17:37 IST)
PTI
തമിഴ്നാട്ടില്‍, അഞ്ച് ദിവസമായി തുടരുന്ന പേമാരിയിലും ‘നിഷ’ചുഴലിക്കാറ്റിലും ഇതുവരെ 103 പേര്‍ കൊല്ലപ്പെട്ടുവെന്ന് മുഖ്യമന്ത്രി എം കരുണാനിധി വെളിപ്പെടുത്തി. കനത്ത മഴ മൂലം 450 കന്നുകാലികളും ചത്തൊടുങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് പുറമെ 50890 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ആറായിരത്തി എഴുനൂറ് കിലോമീറ്റര്‍ റോഡുകളും തകര്‍ന്നിട്ടുണ്ട്. വെളളപ്പൊക്കത്തില്‍ 328 നദികള്‍ കരകവിയുകയും 687 പാലങ്ങള്‍ തകരുകയും 402 സര്‍ക്കാര്‍ വക കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം നേരിടുകയും ചെയ്തു.

കൃഷിക്ക് കനത്ത നാശം സംഭവിച്ചതായും കരുണാനിധി പറഞ്ഞു. 552290 ഹെക്ടര്‍ പ്രദേശത്തെ കൃഷി വെളളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഏഴ് ലക്ഷം കര്‍ഷകരെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

2099 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്ന് കരുണാനിധി പറഞ്ഞു. ഇവിടങ്ങളിലായി 119400 പേരെ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കരുണാനിധി പറഞ്ഞു. ഓരോ കുടുംബത്തിനും അടിയന്തര സഹായമായി 2000 രൂപ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം മാത്രം 75 ലക്ഷം രൂപ ആണ് വിതരണം ചെയ്തത്.

നാശനഷ്ടങ്ങളെ കുറിച്ച് പൂര്‍ണ്ണ വിവരം ലഭിക്കും മുന്‍പ് തന്നെ ആദ്യ ഗഡുവായി 100 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയുണ്ടായെന്നും കരുണാനിധി അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ സമയോചിതമായി ഇടപെടുകയുണ്ടായെന്നും കേന്ദ്ര സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ എത്തുന്ന കേന്ദ്ര സംഘത്തെ കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും കരുണാനിധി വെളിപ്പെടുത്തി.