പുസ്തകത്തിലെ ജീസസിന്റെ കൈയ്യില്‍ സിഗരറ്റ്!

Webdunia
വെള്ളി, 19 ഫെബ്രുവരി 2010 (11:53 IST)
ഒരു കൈയ്യില്‍ സിഗരറ്റും മറു കൈയ്യില്‍ ബിയര്‍ ക്യാനും പിടിച്ചു നില്‍ക്കുന്ന രീതിയില്‍ പാഠപുസ്തകത്തില്‍ ക്രിസ്തു ദേവനെ ചിത്രീകരിച്ചത് മേഘാലയയില്‍ വന്‍ പ്രതിഷേധത്തിനു കാരണമാവുന്നു. ഉടന്‍ തന്നെ പ്രശ്നത്തില്‍ ഇടപെട്ട സംസ്ഥാന സര്‍ക്കാര്‍ പ്രസാധകര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്.

ഷില്ലോംഗിലെ ഒരു സ്വകാര്യ സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ എഴുത്ത് പരിശീലനാഭ്യാസത്തിന്റെ പുസ്തകത്തിലാണ് വിവാദ ചിത്രം സ്ഥാനം പിടിച്ചത്. ന്യൂഡല്‍ഹിയിലെ സ്കൈ ലൈന്‍ പബ്ലിഷേഴ്സ് ആണ് പുസ്തക പ്രസാധകര്‍.

ക്രിസ്ത്യന്‍ സമൂഹത്തിന്റെ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നതോടെ മേഘാലയ സര്‍ക്കാര്‍ പുസ്തകത്തിന്റെ പകര്‍പ്പുകളെല്ലാം കണ്ടുകെട്ടുകയാണ്. ചില മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ക്രിസ്ത്യന്‍ സഭകളും പ്രശ്നത്തില്‍ ഇടപെട്ടുകഴിഞ്ഞു.

മേഘാലയിലെ മൊത്തം ജനസംഖ്യയുടെ 72 ശതമാനവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണ്.