പാകിസ്ഥാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ‘യു ടേണ്‍’ എടുത്തിരിക്കുകയാണെന്ന് ശിവസേന. പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധത്തില്‍ അപ്രതീക്ഷിത നീക്കം നടത്തിയ മോഡി രാജ്യത്തോട് മാപ്പുപറയണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്.
പാകിസ്ഥാനെതിരെ ഇന്ത്യയിലെങ്ങും പ്രതിഷേധമുയരുമ്പോള്‍ മോഡി പാകിസ്ഥാനിലെത്തി അവരുടെ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസ നേരുന്നു. ഇത് മോഡി സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണ്. രാജ്യത്തെ അധിക്ഷേപിക്കുന്ന നിലപാടാണിത്. ലോകത്തിന് മുന്നില്‍ തെറ്റായ സന്ദേശമാണ് മോഡിയുടെ സന്ദര്‍ശനം നല്‍കുന്നതെന്നും ശിവസേനാ നേതാക്കള്‍ ആരോപിക്കുന്നു.
മുംബൈ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനായിരുന്നു. നമ്മുടെ സൈനികരുടെ തലകള്‍ ട്രോഫികളായി കാണുന്നവരാണ് പാകിസ്ഥാന്‍. അവര്‍ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യം നിലനില്‍ക്കെ നരേന്ദ്രമോഡി അപ്രതീക്ഷിതമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത് രാജ്യത്തിന്‍റെ വിശ്വാസ്യതയ്ക്ക് നേരെ ചോദ്യങ്ങളുയര്‍ത്തുന്ന നടപടിയാണ് - ശിവസേനാ നേതാക്കള്‍ ആരോപിക്കുന്നു.