പറഞ്ഞതെല്ലാം പാവം യദ്യൂരപ്പ വിഴുങ്ങി!

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2012 (18:22 IST)
സപ്തതി ആഘോഷിക്കുന്ന ദിവസമായ തിങ്കളാഴ്ച തന്റെ രാഷ്ട്രീയ ഭാവിയെപ്പറ്റി സുപ്രധാനമായ ചിലത് താന്‍ പറയും എന്ന് യദ്യൂരപ്പ പറഞ്ഞത് വളരെ പ്രസക്തിയോടെയാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. സദാനന്ദ ഗൌഡയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി യദ്യൂരപ്പയെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായില്ലെങ്കില്‍ കര്‍ണാടക ബിജെപി പൊളിയുമെന്നും യദ്യൂരപ്പ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. യദ്യൂരപ്പ ചിലപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും അഭ്യൂഹം പരന്നിരുന്നു. എന്തായാലും താനിപ്പോള്‍ ഒന്നും ചെയ്യാനില്ല എന്ന് യദ്യൂരപ്പ പ്രസ്താവിച്ചിരിക്കുകയാണ്. ഇതോടെ കര്‍ണാടക ബിജെപിയിലെ പ്രതിസന്ധിക്ക് താല്‍‌ക്കാലിക വിരാമമായി.

“കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ താല്‍ക്കാലിക മുഖ്യമന്ത്രി മാത്രമാണ്. ഇക്കാര്യം പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി എന്നെ അറിയിച്ചിട്ടുണ്ട്. ഇനി മുതല്‍ പാര്‍ട്ടിയില്‍ ഒരു പദവിയും ഞാന്‍ ആവശ്യപ്പെടില്ല. കാരണം, ഉചിതമായ സമയത്ത്‌ എന്നെ മുഖ്യമന്ത്രിയാക്കാമെന്ന്‌ ഗഡ്കരി ഉറപ്പ് നല്‍കിയിട്ടുണ്ട്” - യദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കൊപ്പം 65 എംഎല്‍എമാരും എംഎല്‍സിമാരും എംപിമാരുമടക്കം എണ്‍പതോളം നേതാക്കള്‍ ഒപ്പമുണ്ടെന്നായിരുന്നു യെദ്യൂരപ്പയുടെ അവകാശവാദം. സദാനന്ദ ഗൗഡയെ മാറ്റി യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയാണ് സപ്തതി സമ്മേളനം കഴിഞ്ഞാല്‍ മുഴങ്ങാന്‍ പോകുന്നതെന്ന് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വം പിന്തുണയ്ക്കുന്നത് സദാനന്ദ ഗൌഡയെ ആണെന്നറിഞ്ഞതോടെ യദ്യൂരപ്പയുടെ ഒപ്പം ഉണ്ടായിരുന്ന നേതാക്കള്‍ കാലുമാറി എന്നാണ് അറിയുന്നത്.

ഇരുമ്പയിര് ഖനന വിവാദവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കുടുങ്ങിയാണ് യെദ്യൂരപ്പ രാജിവച്ചത്. തന്റെ വിശ്വസ്ത സദാനന്ദ ഗൗഡയെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് യെദ്യൂരപ്പ നിര്‍ദേശിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പദം ലഭിച്ചതോടെ സദാനന്ദ ഗൗഡയുടെ ഭാവം മാറി. ഒപ്പം കേന്ദ്ര നേതൃത്വത്തെയും തന്നോടൊപ്പം നിര്‍ത്താന്‍ ഗൌഡയ്ക്കായി. യദ്യൂരപ്പയുറ്റെ പുതിയ പ്രസ്താവനയോടെ കര്‍ണാടകയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകില്ല.