പന്നിപ്പനി ബാധിതരുടെ എണ്ണം 429 ആയി

Webdunia
തിങ്കള്‍, 27 ജൂലൈ 2009 (09:44 IST)
ഞായറാഴ്ച 16 പേരില്‍ കൂടി പന്നിപ്പനിക്ക് കാരണമായ എ (എച്ച് 1 എന്‍ 1) വൈറസ്ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 429 ആയി ഉയര്‍ന്നു.

പുതിയതായി വൈറസ്ബാധ സ്ഥിരീകരിച്ച നാല് പേര്‍ ഡല്‍ഹിയില്‍ നിന്നുള്ളവരും ഏഴ് പേര്‍ പൂനെയില്‍ നിന്നുള്ളവരും ആണ്. കേരളത്തില്‍ കോഴിക്കോട്ട് നിന്ന് രണ്ട് കേസുകളും ഹൈദരാബാദ്, ബാംഗ്ലൂര്‍, ഗുര്‍ഗാവ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ വെളിപ്പെടുത്തുന്നു.

സിംഗപ്പൂരില്‍ നിന്ന് മടങ്ങിയെത്തിയ ഒരു 15 വയസ്സുകാരനിലും മലേഷ്യയില്‍ നിന്ന് എത്തിയ ഒരു 52 കാരനിലും സിഡ്നിയില്‍ നിന്ന് എത്തിയ 24 വയസ്സുകാരനിലും ഡല്‍ഹിയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചു. നേരത്തെ വൈറസ്ബാധ സ്ഥിരീകരിച്ച ഒരാളില്‍ നിന്നാണ് ഡല്‍ഹിയില്‍ നാലാമതൊരാള്‍ക്ക് രോഗം പകര്‍ന്നത്.