പണത്തിന്റെ സ്വാധീനം അനുവദിക്കില്ല: ഖുറേഷി

Webdunia
വെള്ളി, 30 ജൂലൈ 2010 (11:35 IST)
PRO
തെരഞ്ഞെടുപ്പില്‍ ഉണ്ടാവുന്ന പണത്തിന്റെ സ്വാധീനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി. ന്യൂഡല്‍ഹിയില്‍ രാജ്യത്തെ പതിനേഴാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനം കുറയ്ക്കാനുള്ള നടപടികള്‍ ഓഗസ്റ്റോടെ തയ്യാറാക്കും. അതേപോലെ, പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുകൂലിക്കുന്നു എന്നും ഖുറേഷി പറഞ്ഞു.

മുസ്ലീം സമുദായത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഖുറേഷി. 1971 ബാച്ചിലെ ഐ‌എ‌എസ് ഓഫീസറായ അദ്ദേഹം 2006 ജൂണ്‍ 30 മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നവീന്‍ ചവ്‌ള വിരമിച്ച ഒഴിവിലാണ് ഖുറേഷി നിയമിതനായിരിക്കുന്നത്.