ന്യൂസ് എക്സ് ലേഖകരെ പാകില്‍ ആക്രമിച്ചു

Webdunia
വെള്ളി, 6 ഫെബ്രുവരി 2009 (09:33 IST)
രണ്ട് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ലാഹോറില്‍ മര്‍ദ്ദനത്തിനിരയായി. ഇന്ത്യന്‍ വാര്‍ത്താ ചാനലായ ന്യൂസ് എക്സില്‍ നിന്നുള്ളവരാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

ജുഹാര്‍ സിംഗ് എന്ന വാര്‍ത്താ ലേഖകനും തിലക് രാജ് എന്ന ക്യാമറാമാനുമാണ് ഐ‌എസ്‌ഐ ഏജന്‍റുമാര്‍ എന്ന് കരുതുന്നവരില്‍ നിന്ന് ആക്രമണമേറ്റുവാങ്ങേണി വന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആറോളം പേര്‍ മാധ്യമപ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ കടന്നു കയറിയാണ് ആ‍ക്രമണം നടത്തിയത്. ഇവരുടെ ക്യാമറയും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിന്‍റെ പണിപ്പുരയിലായിരുന്നു ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍. ഹോട്ടലില്‍ നിന്ന് വളരെ സമയം കഴിഞ്ഞ് പുറത്തുകടന്ന ഇവര്‍ ലാഹോറിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസിലെത്തി പരാതി നല്‍കി.

ആക്രമണം നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വക്താവ് വിഷ്ണുപ്രകാശ് ന്യൂഡല്‍ഹിയില്‍ പറഞ്ഞു. സംഭവം ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പാക് വിദേശകാര്യമന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട് എന്നും വക്താവ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.