നക്സല്‍ പ്രശ്നം: മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

Webdunia
ബുധന്‍, 14 ജൂലൈ 2010 (08:28 IST)
നക്സല്‍ ഭീഷണിയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ഡല്‍ഹിയില്‍ ചേരുന്നു. ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന യോഗം നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തും.

നക്സല്‍ ബാധിത സംസ്ഥാനങ്ങള്‍ക്കായി ഏകീകൃത കമാന്‍ഡ്, വിരമിച്ച മേജര്‍ ജനറല്‍മാരെ ഉപദേശകരാക്കുക, ചീഫ് സെകട്ടറിമാരെ ഏകീകൃത കമാന്‍ഡിന്റെ തലവന്മാരാക്കുക, നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ 400 പൊലീസ് സ്റ്റേഷനുകള്‍ നവീകരിക്കുക തുടങ്ങിയ കാര്യങ്ങളും ഇടതുപക്ഷ തീവ്രവാദികളെ നേരിടുന്നതില്‍ സൈന്യത്തിന്റെ പങ്കും ചര്‍ച്ചയില്‍ വിഷയങ്ങളാവും.

ഒറീസ, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും രാഷ്ട്രപതി ഭരണം നടക്കുന്ന ഛത്തീസ്ഗഡിലെ ഗവര്‍ണറും യോഗത്തില്‍ പങ്കെടുക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരമാണ് സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ച് വിശദീകരിക്കുക. പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങളുടെ അഭിപ്രാ‍യം ആരായും.

കണക്കുകള്‍ അനുസരിച്ച് 40,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് നക്സലുകളുടെ നിയന്ത്രണത്തിലുള്ളത്. കഴിഞ്ഞ അഞ്ച് വര്‍മായി ഇടതുപക്ഷ തീവ്രവാദികള്‍ പതിനായിരത്തിലധികം ആളുകളെ വധിച്ചിട്ടുണ്ട്.