നക്സലുകള്‍ക്ക് ആയുധം നല്‍കിയ ജവാന്‍‌മാര്‍ പിടിയില്‍

Webdunia
വെള്ളി, 30 ഏപ്രില്‍ 2010 (20:41 IST)
നക്സലുകള്‍ക്ക് ആയുധങ്ങള്‍ നല്‍കിയ സി ആര്‍ പി എഫ് ജവാന്‍‌മാരെ ഉത്തര്‍പ്രദേശിലെ പ്രത്യേക ദൗത്യ സേന(എസ് ടി എഫ്‌) അറസ്റ്റുചെയ്തു. രണ്ട് ജവാന്‍‌മാരടക്കം നാലുപേരെയാണ് അറസ്റ്റുചെയ്തത്. ജവാന്‍മാരായ ദിനേഷ്‌ സിംഗ്, വിനോദ്‌ പാസ്വാന്‍ എന്നിവര്‍ അറസ്റ്റിലായത്‌.

അറസ്റ്റിലായ ജവാന്‍‌മാരെ സി ആര്‍ പി എഫ് സസ്പെന്‍ഡ്‌ ചെയ്‌തു. കോടതിയന്വേഷണത്തിന് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. മൊറാദാബാദ്, റാം‌പൂര്‍, ഝാന്‍സി എന്നിവിടങ്ങളിലെ സി ആര്‍ പി എഫ് ക്യാമ്പുകളില്‍ എസ് ടി എഫ്‌ നടത്തിയ വ്യാപക റെയ്ഡിനൊടുവിലാണ് അറസ്റ്റ്.

അറസ്റ്റിലായവരില്‍ നിന്ന് ആയുധങ്ങളും മൊബൈല്‍ ഫോണുകളും രണ്ടുലക്ഷത്തോളം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ദണ്ഡേവാഡയില്‍ നടന്ന നക്സല്‍ ആക്രമണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജവാന്‍‌മാര്‍ നക്സലുകള്‍ക്ക് ആയുധങ്ങള്‍ നല്‍കിയതായി ബോധ്യപ്പെട്ടത്. കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.