നക്സലുകള്‍ക്കെതിരെ 50,000 സൈനികര്‍?

Webdunia
വ്യാഴം, 17 ജൂണ്‍ 2010 (13:36 IST)
നക്സല്‍ വിരുദ്ധ പോരാട്ടത്തിനായി 50,000 സൈനികര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.

ആവശ്യമായ സാഹചര്യത്തില്‍ വിന്യസിക്കുന്നതിനായി 50,000 സൈനികര്‍ക്ക് പരിശീലനം നല്‍കി സുസജ്ജരാക്കാന്‍ സൈനിക ആസ്ഥാനം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, നിലവില്‍ നക്സലുകള്‍ക്കെതിരെ സൈന്യത്തെ ഉപയോഗിക്കില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം.

വനമേഖലയിലുള്ള യുദ്ധത്തില്‍ സൈനികര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്നതിനൊപ്പം നക്സലുകള്‍ വിഹരിക്കുന്ന സ്ഥലങ്ങളെ കുറിച്ചും സൈനികരെ പരിചയപ്പെടുത്തുകയാണ് പരിശീലനത്തിന്റെ ഉദ്ദേശം.

നിലവില്‍, അര്‍ദ്ധ-സൈനികര്‍ നടത്തുന്ന മിന്നല്‍ തെരച്ചിലുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഫലം സിദ്ധിക്കുന്ന രീതിയായിരിക്കും സൈന്യത്തിന്റേത്. അതായത്, പ്രദേശവാസികളെ ഒരു സുരക്ഷാ ഗ്രിഡിലേക്ക് മാറ്റിയശേഷമുള്ള കടുത്ത ആക്രമണമായിരിക്കും സൈന്യത്തിന്റെ ലക്‍ഷ്യം.