ദോര്‍ജി ഖണ്ഡു ലാന്‍ഡ് ചെയ്തത് ഭൂട്ടാനില്‍

Webdunia
ശനി, 30 ഏപ്രില്‍ 2011 (17:12 IST)
PRO
അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ സുരക്ഷിതമായി നിലത്തിറങ്ങി. മുഖ്യമന്ത്രിയും ഒപ്പമുള്ളവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.

കിഴക്കന്‍ ഭൂട്ടാനിലെ ദാപൊരിജൊയില്‍ ഹെലികോപ്ടര്‍ അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു എന്നാണ് സൂചന. പ്രതികൂല കാലാവസ്ഥകാരണമാണ് കോപ്ടര്‍ വഴി മാറിപ്പറന്നത്. പവന്‍ ഹാന്‍സ് എ എസ് 350 ബി-3 ഹെലികോപ്ടറില്‍ മുഖ്യമന്ത്രിയെ കൂടാതെ അദ്ദേഹത്തിന്റെ സുരക്ഷാ ഓഫീസറും രണ്ട് പൈലറ്റുമാരും ഒരു എം‌എല്‍‌എയുടെ സഹോദരിയുമാണ് ഉണ്ടായിരുന്നത്.

രാവിലെ 9:50 ന് ആണ് ദോര്‍ജിയെയും വഹിച്ചു കൊണ്ടുള്ള പവന്‍ ഹാന്‍സ് ഹെലികോപ്ടര്‍ തവാംഗില്‍ നിന്ന് പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന ഉടന്‍ തന്നെ ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് പൊലീസും വ്യോമസേനയും സൈന്യവും മൂന്ന് മണിക്കൂറോളം തെരച്ചില്‍ നടത്തി. വ്യോമസേനയുടെ രണ്ട് ചീറ്റ ഹെലികോപ്ടറുകള്‍ തെരച്ചിലിനെത്തിയപ്പോള്‍ കരസേന ഇറ്റാനഗറിനും തവാംഗിനും ഇടയില്‍ കരയിലൂടെ തെരച്ചില്‍ ആരംഭിച്ചിരുന്നു.

ഇറ്റാനഗറിലേക്കുള്ള യാത്രാ മധ്യേയാണ് കോപ്ടര്‍ കാണാതായത്. 11: 30 ന് ഹെലികോപ്ടര്‍ ഇറ്റാനഗറില്‍ ഇറങ്ങേണ്ടതായിരുന്നു.