ദലൈലാമയ്ക്ക് സന്ദര്‍ശനാനുമതി നല്‍കി

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (11:00 IST)
ചൈനയില്‍ നിന്നുള്ള പ്രതിഷേധം നിലനില്‍ക്കെ, അരുണാചല്‍പ്രദേശ് സന്ദര്‍ശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ദലൈലാമയ്ക്ക് അനുമതി നല്‍കി. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ലാമയുടെ സന്ദര്‍ശനം നവംബര്‍ എട്ടിനാണ് ആരംഭിക്കുന്നത്.

കേന്ദ്ര വിദേശകാര്യമന്ത്രാലയം ഒക്ടോബര്‍ 19 ന് ലാമയുടെ സന്ദര്‍ശനത്തിന് അനുമതി നല്‍കിയെന്ന് സംസ്ഥാന തല സ്വാഗതസംഘം അധ്യക്ഷന്‍ ടി ജി റിമ്പോച്ചെ മാധ്യമ സമ്മേളനത്തിലൂടെയാണ് അറിയിച്ചത്. അനുമതി ലഭിച്ചു എങ്കിലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ രേഖകള്‍ കൈമാറിയിരുന്നില്ല എന്നും റിമ്പോച്ചെ പറഞ്ഞു.

ലാമയുടെ സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല എന്ന് അരുണാചല്‍ മുഖമന്ത്രി ദോര്‍ജി ഖണ്ഡു ഞായറാഴ്ച പറഞ്ഞിരുന്നു.

ലാമയുടെ സന്ദര്‍ശനത്തിന് വേണ്ട സുരക്ഷ ഒരുക്കാന്‍ പശ്ചിമ ബംഗാള്‍, അസ്സം, അരുണാചല്‍‌പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നവംബര്‍ എട്ടിന് കൊല്‍ക്കത്തവഴി ഗുവാഹതിയില്‍ എത്തുന്ന ദലൈലാമ ഹെലികോപ്ടര്‍ മാര്‍ഗ്ഗമായിരിക്കും തവാംഗിലെത്തുക.