ദയാഹര്‍ജികളില്‍ രാഷ്ട്രപതിയുടെ തീരുമാനം പുനഃപരിശോധിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Webdunia
തിങ്കള്‍, 8 ജൂലൈ 2013 (10:02 IST)
PRO
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ അവസാനത്തെ പ്രതീക്ഷയായ ദയാഹര്‍ജികളില്‍ രാഷ്ട്രപതി കൈക്കൊള്ളുന്ന തീരുമാനം അന്തിമമാണെന്നും അത് പുനഃപരിശോധിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നും കേന്ദ്രസര്‍ക്കാര്‍. ഇരട്ടക്കൊലക്കേസിലെ പ്രതിയായ എംഎന്‍ ദാസിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്തുള്ള സുപ്രീംകോടതിവിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ദാസിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കാലതാമസമുണ്ടായി എന്ന കാരണത്താലാണ് വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി കുറച്ചത്. ഭരണഘടനയുടെ എഴുപത്തിരണ്ടാം വകുപ്പുപ്രകാരം രാഷ്ട്രപതി എടുക്കുന്ന തീരുമാനം പരമാധികാരം ഉപയോഗിച്ചുള്ളതാണെന്ന് സര്‍ക്കാറിന്റെ ഹര്‍ജിയില്‍ പറയുന്നു.

ദയാഹര്‍ജി പരിശോധിക്കുന്നതിലെ കാലതാമസം വധശിക്ഷ ലഭിച്ച കേസുകള്‍ വീണ്ടും തുറക്കുന്നതിന് സുപ്രീംകോടതിക്ക് അധികാരം നല്‍കുന്നില്ല. ഭരണഘടനപ്രകാരമുള്ള ഉന്നതാധികാരിയായ രാഷ്ട്രപതി തീരുമാനമെടുത്തു കഴിഞ്ഞാല്‍ അത് കേസിന്റെ അവസാനമാണ്. അത് വീണ്ടും പരിശോധിക്കാന്‍ കോടതികള്‍ക്ക് അവസരം നല്‍കരുതെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.

വിചാരണക്കോടതി മുതല്‍ സുപ്രീംകോടതിവരെ കൊലപാതകക്കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കോടതികള്‍ എടുക്കുന്ന കാലതാമസം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തൂക്കുകയറിന് മുന്നിലെത്തിനില്‍ക്കുന്നുവെന്ന് ഭയപ്പെടുന്ന തടവുകാരന് പ്രതീക്ഷയുടെ കിരണം തുറന്നുകിട്ടുകയാണ് ദയാഹര്‍ജിയിലൂടെ. അതില്‍ തീര്‍പ്പുണ്ടാകാനുള്ള കാലതാമസം കൂടുതല്‍ മാനസികസംഘര്‍ഷമുണ്ടാക്കുന്നുവെന്ന വാദത്തില്‍ കഴമ്പില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

1997- ലാണ് അസം സ്വദേശിയായ എം.എന്‍. ദാസിന് വിചാരണക്കോടതി ഇരട്ടക്കൊലയ്ക്ക് വധശിക്ഷ വിധിച്ചത്. 98-ല്‍ ഗുവാഹാട്ടി ഹൈക്കോടതിയും 99-ല്‍ സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു. 99-ല്‍ത്തന്നെ ദയാഹര്‍ജി നല്‍കി. പതിനൊന്ന് കൊല്ലത്തിനുശേഷം 2011-ലാണ് ദാസിന്റെ ഹര്‍ജി അന്നത്തെ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ തള്ളിയത്.