തലപ്പാവ് ഭയം, ഒബാമ സുവര്‍ണ ക്ഷേത്രത്തിലേക്കില്ല!

Webdunia
ബുധന്‍, 20 ഒക്‌ടോബര്‍ 2010 (16:01 IST)
PRO
അടുത്തമാസം ആദ്യം ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചേക്കില്ല. സിഖ് ആരാധാനാലയത്തില്‍ കടക്കണമെങ്കില്‍ തുണി ഉപയോഗിച്ച് തല മറയ്ക്കണം എന്ന കീഴ്വഴക്കമാണ് ഒബാമയുടെയും അനുയായികളുടെയും പ്രശ്നം. തല മറച്ച് നില്‍ക്കുന്ന ചിത്രം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒബാമ മുസ്ലീമാണെന്ന് വാദിക്കുന്നവര്‍ക്ക് ശക്തി പകരും എന്ന ഭയമാണ് സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടയുന്നത്.

ഒബാമ സുവര്‍ണ ക്ഷേത്ര സന്ദര്‍ശനം റദ്ദാക്കിയതായി ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. സിഖ് വംശജരുടെ പ്രധാന ആരാധാനാലയമായ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കുന്ന അന്യമതസ്ഥര്‍ തലപ്പാവിനു പകരം തുണികൊണ്ട് തല മറയ്ക്കേണ്ടതുണ്ട്. ഇതിനുള്ള തുണി ക്ഷേത്രത്തിനു സമീപം തന്നെ ലഭ്യമാണ്.

എന്നാല്‍, ഒബാ‍മയുടെ പേരില്‍ ‘ഹുസൈന്‍’ എന്നു കൂടി ഉള്ളതിനാല്‍ (ബരാക് ഹുസൈന്‍ ഒബാ‍മ) അദ്ദേഹം മുസ്ലീമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ വച്ച് തലപ്പാവ് ധരിച്ചാല്‍ അത് രാഷ്ട്രീയ എതിരാളികള്‍ മുതലാക്കുമെന്നാണ് ഒബാമയുടെ അനുയായികള്‍ ഭയക്കുന്നത്. അടുത്തിടെ ‘ടൈംസ്‘ മാഗസിന്‍ നടത്തിയ സര്‍വെയില്‍ യുഎസിലെ 24 ശതമാനം ആളുകളും ഒബാമ മുസ്ലീമാണെന്ന് വിശ്വസിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു.

ഒബാ‍മ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കുന്നില്ല എന്ന വാര്‍ത്ത അറിഞ്ഞ പഞ്ചാബിലെ സിഖ് സമൂഹം നിരാശയിലാണ്. ഒബാമ ഒരു തൊപ്പി ധരിച്ചാല്‍ കൂടി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാമെന്ന നിലപാടിലാണ് ഇവര്‍.