തമിഴരുടെ വധശിക്ഷ ഒഴിവാക്കണമെന്ന് കരുണാനിധി

Webdunia
വ്യാഴം, 18 ഏപ്രില്‍ 2013 (21:05 IST)
PRO
PRO
രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളായ മൂന്ന്‌പേരുടേയും വീരപ്പന്റെ നാല് കൂട്ടാളികളുടേയും വധശിക്ഷ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ഡിഎംകെ നേതാവ് എം കരുണാനിധി. രാജീവ് ഗാന്ധി കൊലക്കേസില്‍ വധശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്നവര്‍ക്കുവേണ്ടി തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കണമെന്നും കരുണാനിധി മുഖ്യമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടു.

വധശിക്ഷ നിര്‍ത്തലാക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് ശ്രമിക്കണം. കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നതാണ് നമ്മുടെ നിയമസംഹിതയുടെ ആപ്തവാക്യമെന്നും എം കരുണാനിധി ഓര്‍മ്മിപ്പിച്ചു.

ദേവേന്ദര്‍ സിംഗ് ബുള്ളറുടെ വധശിക്ഷ ഇളവു ചെയ്യേണ്ടതില്ലെന്ന് കഴിഞ്ഞയാഴ്ച്ച സുപ്രീംകോടതി വിധിച്ചിരുന്നു. വധശിക്ഷയിന്മേലുള്ള ദയാഹര്‍ജിയില്‍ രാഷ്ട്രപതിയുടെ തീരുമാനം വൈകുന്നത് ശിക്ഷയില്‍ ഇളവുനല്‍കാനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ വിവിധ ജയിലുകളില്‍ വധശിക്ഷ ലഭിച്ച് കഴിയുന്ന 16 പേരുടെ ശിക്ഷാ ഇളവ് സാധ്യതകളെ ഈ വിധി മങ്ങലേല്‍പ്പിച്ചിരുന്നു. ഇതിനിടെയാണ് വധശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന തമിഴര്‍ക്കുവേണ്ടി എം കരുണാനിധി രംഗത്തെത്തിയിരിക്കുന്നത്.