തന്ത്രം വെളിപ്പെടുത്താതെ യദ്യൂരപ്പ; ഗൌഡ മാറില്ല

Webdunia
വ്യാഴം, 22 മാര്‍ച്ച് 2012 (18:23 IST)
PRO
PRO
യദ്യൂരപ്പയും സദാനന്ദ ഗൌഡയും പിടിവാശിയില്‍ തന്നെയാണ്. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ലെന്ന് കാണിച്ച് സദാനന്ദ ഗൗഡ വ്യാഴാഴ്ച ബി ജെ പി ദേശീയ നേതൃത്വത്തെ കണ്ടു. തന്നെ മാറ്റില്ലെന്ന് ഉറപ്പു നല്‍കിയതായി സദാനന്ദ ഗൗഡ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുമായാണ് സദാനന്ദ ഗൌഡ ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയെയും അരുണ്‍ ജെയ്റ്റ്ലിയെയും അദ്ദേഹം കണ്ടു. അതേസമയം തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തെ കേന്ദ്ര നേതൃത്വം അനുകൂലിക്കാത്തതിനെ തുടര്‍ന്ന് കൂടുതല്‍ തന്ത്രപരമായി നീങ്ങാനാണ് യദ്യൂരപ്പയുടെ തീരുമാനം. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയാല്‍ സജീവരാഷ്ട്രീയം വിടുമെന്ന് അദ്വാനി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

നേതൃമാറ്റത്തെക്കുറിച്ചു ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് മാത്രമാണ് യദ്യൂരപ്പ പ്രതികരിച്ചത്. ചിക് മംഗളൂര്‍ ലോക്സഭ ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മൂലം ഏറെ ആലോചിച്ച ശേഷം മാത്രമേ കേന്ദ്രനേതൃത്വം അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് സൂചന.

English Summary: Amid mounting pressure from BS Yeddyurappa for his reinstatement, Karnataka chief minister Sadananda Gowda on Thursday met the BJP top brass, including Nitin Gadkari and LK Advani, and said he had been assured that there would be no leadership change.