ടിബറ്റന്‍ സന്ന്യാസി ചൈനീസ് ചാരന്‍?

Webdunia
ശനി, 29 ജനുവരി 2011 (10:11 IST)
മുതിര്‍ന്ന ടിബറ്റന്‍ സന്ന്യാസിയും പതിനേഴാമത് കര്‍മ്മപയുമായ യൂജിന്‍ തിന്‍‌ലി ദോര്‍ജി സംശയത്തിന്റെ നിഴലില്‍. യൂജിന്‍ ഹിമാചല്‍‌പ്രദേശില്‍ ചൈനയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

കര്‍മ്മപയുടെ കീഴിലുള്ള ഒരു ട്രസ്റ്റില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ചൈന ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ നിന്നുള്ള ആറ് കോടി രൂപയുടെ കറന്‍സി പിടിച്ചെടുത്തതായാണ് സൂചന. ഇതില്‍ 11 ലക്ഷം ചൈനീസ് യുവാനും ആറ് ലക്ഷം യുഎസ് ഡോളറും 30 ലക്ഷം രൂപയും ഉള്‍പ്പെടും. പൊലീസ് ഉടന്‍ കര്‍മ്മപയെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

ഇരുപത്തിയേഴുകാരനായ കര്‍മ്മപ ടിബറ്റിലെ രണ്ടാമത്തെ വലിയ ബുദ്ധ സംഘത്തിന്റെ ആചാര്യനാണ്. പത്ത് വര്‍ഷം മുമ്പാണ് ഇദ്ദേഹം ചൈനയില്‍ നിന്ന് രക്ഷപെട്ട് ഇന്ത്യയിലെത്തിയത്. എന്നാല്‍, ഇദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള വരവ് ആസൂത്രിതമായിരുന്നു എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.

ദലൈലാമയ്ക്ക് ശേഷം ടിബറ്റിന്റെ പരമോന്നത ആത്മീയ നേതാവാകും എന്നാണ് കര്‍മ്മപ അവകാശപ്പെടുന്നത്. എന്നാല്‍, ലാമയ്ക്ക് ഇതില്‍ വലിയ താല്‍‌പര്യമില്ല എന്നാണ് സൂചന.