ഞാന്‍ പാര്‍ലമെന്‍റിനെ അപമാനിച്ചിട്ടില്ല: സച്ചിന്‍

Webdunia
വെള്ളി, 8 ഓഗസ്റ്റ് 2014 (21:00 IST)
താന്‍ പാര്‍ലമെന്‍റിനെ അപമാനിച്ചിട്ടില്ലെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വ്യക്തിപരമായ ആവശ്യമുള്ളതുകൊണ്ടാണ് രാജ്യസഭയില്‍ ഹാജരാകാതിരുന്നതെന്നും സച്ചിന്‍ വിശദീകരിച്ചു.

തുടര്‍ച്ചയായി സഭയില്‍ ഹാജരാകാത്ത സച്ചിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് പി രാജീവ് എം പി രാജ്യസഭയില്‍ ആവശ്യമുന്നയിച്ചിരുന്നു.

ഞാന്‍ പാര്‍ലമെന്‍റിനെ അപമാനിച്ചിട്ടില്ല. എന്‍റെ കുടുംബത്തില്‍ ഒരു 'മെഡിക്കല്‍ എമര്‍ജന്‍സി' ഉള്ളതുകൊണ്ടാണ് മാറിനിന്നത്. എന്‍റെ അസാന്നിധ്യം പലയിടങ്ങളിലും ചര്‍ച്ചയായതായി അറിയുന്നു - സച്ചിന്‍ പറഞ്ഞു.

കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കാന്‍ വിളിച്ചുചേര്‍ത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

കഴിഞ്ഞ വര്‍ഷം മൂന്നുശതമാനം മാത്രമാണ് രാജ്യസഭയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ ഹാജര്‍. ഒരു ചര്‍ച്ചയിലും പങ്കെടുത്തില്ല. ഈ വര്‍ഷം ഒരുദിവസം പോലും സച്ചിന്‍ സഭയിലെത്തിയില്ല. നിലവിലെ ഹാജര്‍ നിലയുടെ അടിസ്ഥാനത്തില്‍ സച്ചിനെതിരെ നടപടിയെടുക്കാന്‍ സാധ്യമല്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ വ്യക്തമാക്കി.