അയോധ്യ കേസില്‍ വിധി പറഞ്ഞ അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബഞ്ചിലെ ജഡ്ജി എസ് യു ഖാന് ശിവസേനയുടെ അകമഴിഞ്ഞ പ്രശംസ. തര്‍ക്ക മന്ദിരം നിലനില്‍ക്കുന്ന സ്ഥലത്തിനടിയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നു എന്ന് അംഗീകരിച്ചതിനാണ് ശിവസേന മുഖപത്രമായ ‘സാമ്ന’യുടെ എഡിറ്റോറിയലില്‍ ഖാനെ അഭിനന്ദിച്ചിരിക്കുന്നത്.
വിധി തയ്യാറാക്കുമ്പോള്‍ ഖാന് അതിജീവിക്കേണ്ടി വന്ന മാനസിക സമ്മര്‍ദ്ദവും വേദനയും ഊഹിക്കാന്‍ സാധിക്കില്ല. എന്നാല്‍, അദ്ദേഹത്തിന്റെ രാജ്യസ്നേഹം മതവിശ്വാസത്തിനും മുകളിലായിരുന്നു. തര്‍ക്ക മന്ദിരത്തിനു അടിയില്‍ ഹിന്ദുക്കളുടെ പ്രിയ ദേവനായ രാമന്റെ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് അദ്ദേഹം അംഗീകരിച്ചു.
ഖാന്റെ വീക്ഷണങ്ങള്‍ വിധിയില്‍ പ്രതിഫലിച്ചു. ഇത് മുസ്ലീങ്ങള്‍ക്ക് ലഭിച്ച ഒരു അവസരമാണ്. അതിനെ സുവര്‍ണാവസരമാക്കുകയാണ് വേണ്ടത്. കേസിലെ പ്രായംചെന്ന കക്ഷിയായ ഹാഷിം അന്‍സാരി (90) പോലും കേസ് ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും വഖഫ് ബോര്‍ഡ് അഭിഭാഷകനും വിധിക്കെതിരെ നടത്തിയ പ്രസ്താവനകള്‍ അനവസരത്തിലാണെന്ന് പറയുന്ന എഡിറ്റോറിയല്‍ മുസ്ലീം സമുദായം വിധി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. മുലായത്തിനെ “മുല്ലാ മുലായം” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഇതിനിടെ, അയോധ്യ വിധി പ്രഖ്യാപിച്ച ജസ്റ്റിസ്. ഡി വി ശര്‍മ്മയെ ആദരിക്കുമെന്ന് രാമജന്‍മഭൂമി ട്രസ്റ്റ് വ്യക്തമാക്കി. ജോലിയില്‍ നിന്ന് വിരമിച്ചതിനാലാണ് ശര്‍മ്മയെ ഇപ്പോള്‍ ആദരിക്കുന്നത് എന്നും മറ്റ് രണ്ട് ജഡ്ജിമാരും വിരമിക്കുന്നത് അനുസരിച്ച് ആദരിക്കല്‍ ചടങ്ങ് നടത്തുമെന്നും ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി.