ജര്‍മന്‍ ബേക്കറി സ്ഫോടനം: ഹിമായത്‌ ബെയ്ഗിന് വധശിക്ഷ

Webdunia
വ്യാഴം, 18 ഏപ്രില്‍ 2013 (17:25 IST)
PRO
PRO
ജര്‍മന്‍ ബേക്കറി സ്ഫോടന കേസില്‍ മുഖ്യപ്രതി മിര്‍സ ഹിമായത്‌ ബെയ്ഗിന് വധശിക്ഷ. പൂനെ അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബെയ്ഗിന്റെ അഭിഭാഷകന്‍ പറഞ്ഞു.

ഭീകര വിരുദ്ധ സ്ക്വാഡാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തില്‍ ബെയ്ഗിന്റെ പങ്ക് വ്യക്തമായിരുന്നു. 29കാരനായ ബെയ്ഗിനെ പൂനെയിലെ ബസ്‌ സ്റ്റോപ്പില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്ക് സ്‌ഫോടനത്തിന് സൗകര്യമൊരുക്കി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.

ലത്തൂര്‍ ജില്ലയിലെ ഉദ്ഗിറിലുള്ള ഇയാളുടെ വീട്ടില്‍നിന്ന്‌ 1200 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. കേസിലെ മറ്റ് മൂന്ന് പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

2010 ഫെബ്രുവരി 13നാണ് സ്ഫോടനം നടന്നത്. പൂനെ ജര്‍മന്‍ ബേക്കറിയിലുണ്ടായ സ്ഫോടനത്തില്‍ 17 പേര്‍ മരിച്ചിരുന്നു. 64 പേര്‍ക്ക് പരുക്കേറ്റു.