ജയിലില്‍ കഠിന ജോലികള്‍ തരണമെന്ന് സഞ്ജയ് ദത്ത്

Webdunia
ശനി, 1 ജൂണ്‍ 2013 (15:16 IST)
PTI
PTI
സഞ്ജു ബാബക്ക് ജയിലില്‍ ചെറിയ ജോലികളൊന്നും വേണ്ട. കഴിയുമെങ്കില്‍ കഠിന ജോലികള്‍ തരണമെന്നാണ് സഞ്ജയ് ദത്ത് ജയില്‍ അധികൃതരോട് പറയുന്നത്. രാത്രിയില്‍ നന്നായി ഉറക്കം ലഭിക്കാന്‍ വേണ്ടിയാണ് ദത്ത് കഠിനമായ ജോലികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അധികൃതര്‍ ഈ ആവശ്യം തള്ളി.

1993 ലെ മുംബൈ സ്ഫോടന കേസുകളില്‍ ദത്ത് മൂന്നര വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് പൂനെയിലെ യേര്‍വാഡ ജയിലില്‍ കഴിയുകയാണ്. കഴിഞ്ഞ ഒന്‍പതു ദിവസമായി ജയിലില്‍ കഴിയുന്ന സഞ്ജയ് ദത്തിന് അധികൃതര്‍ ഇതുവരെ ഒരു ജോലിയും നല്‍കിയിരുന്നില്ല. മറ്റു തടവുകാര്‍ക്കൊപ്പം പ്രയാസമേറിയ ജോലികള്‍ നല്‍കിയാല്‍ അവര്‍ ദത്തിനെ അപായപ്പെടുത്തുമെന്ന ആശങ്കയെ തുടര്‍ന്നാണ് ദത്തിന്റെ ആവശ്യം അധികൃതര്‍ തള്ളിയത്.

ദത്തിന്റെ സുരക്ഷ സംബന്ധിച്ച് ഭീഷണിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് യേര്‍വാഡ ജയില്‍ സൂപ്രണ്ടും വ്യക്തമാക്കി. സുരക്ഷ പരിശോധിച്ച ശേഷം മാത്രമെ ദത്തിന് ജോലി നല്‍കുന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്നും സൂപ്രണ്ട് അറിയിച്ചു.

തനിക്ക് കസേര വരിയുന്ന ജോലി നല്‍കരുതെന്ന് സഞ്ജയ് ദത്ത് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തന്റെ കാഴ്ചയെ അത് പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. 2007ല്‍ ഒരു മാസം തടവില്‍ കഴിഞ്ഞപ്പോള്‍ ദത്ത് മൂന്ന് കസേരകള്‍ വരിഞ്ഞു തീര്‍ത്തിരുന്നു.