നഷ്ടങ്ങളിൽ നിന്നും അത്ഭുത വളർച്ചയുടെ ഘട്ടത്തിലെത്തിയ മകന്റെ കമ്പനിയെ രക്ഷിക്കാനാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ നിന്നും മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ഡൽഹിയിലേക്ക് പറന്നത്. ജെയ് ഷായുടെ പേരിൽ പുറത്തുവരുന്ന ആരോപണങ്ങൾ ആളിക്കത്തിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
ജെയ് ഷായുടെ കമ്പനിയുടെ അഭൂതപൂർവ വളർച്ചയെ കുറിച്ചു ‘ദ് വയർ’ വാർത്താ വെബ്സൈറ്റ് അന്വേഷണം നടത്തുന്നതായി അമിത് ഷായ്ക്കു വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇതിനിടയിലാണ് അമിത് ഷാ കേരളത്തിലെ ജനരക്ഷാ യാത്രയ്ക്കായി എത്തുന്നത്. എല്ലാം കൈവിട്ടു പോകുമെന്ന് തോന്നിയതോടെ ജയ് ഷാ പിതാവിനെ വിവരമറിയിച്ചു. ഇതേ തുടർന്നാണ് അമിത് ഷാ പിണറായിയിലെ പരിപാടി ഉപേക്ഷിച്ചു ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, രവിശങ്കർ പ്രസാദ്, പീയുഷ് ഗോയൽ എന്നിവരുമായി കൂടിയാലോചനകളിൽ മുഴുകിയത്.
നിയമപരമായി ഒരു നടപടികളും ജയ് ഷായുടെ പെട്ടന്നുള്ള ബിസിനസ് നേട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അമിത് ഷായുടെ പദവി മകൻ എപ്പോഴെങ്കിലും തണലായി ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.