വാര്‍ത്തയ്‌ക്കെതിരെ അമിത് ഷായുടെ മകന്‍ 100 കോടി രൂപയ്‌ക്ക് മാനനഷ്‌ടക്കേസ് നല്‍കി
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (20:37 IST)
കമ്പനിക്കെതിരായ വാർത്ത നൽകിയ മാധ്യമസ്ഥാപനത്തിനെതിരെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകന്‍ ജെയ് ഷാ 100കോടി രൂപയ്ക്കു മാനനഷ്ടക്കേസ് നല്‍കി.
വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈൻ മാധ്യമമായ ദ വയറിലെ എഡിറ്ററടക്കം ഏഴ് പേർക്കെതിരെ അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയിലാണ് ജയ് ഷാ പരാതി നൽകിയത്. അഹമ്മദാബാദ് മെട്രോപ്പോളിറ്റൻ കോടതി ബുധനാഴ്ച കേസ് പരിഗണിക്കും.
പുറത്തുവന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്നും വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ജെയ് ഷാ പരാതിയിൽ ആരോപിച്ചു. അതേസമയം, നൽകിയ വാർത്തയിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്നാണ് ഓൺലൈൻ മാധ്യമം വ്യക്തമാക്കി.
നരേന്ദ്ര മോദിയുടെ കീഴില്‍ ബിജെപി സർക്കാർ അധികാരമേറ്റതിനുശേഷം ജെയ് ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ 16,000 ഇരട്ടി വര്‍ദ്ധനയുണ്ടായെന്നാണ് ദി വയർ റിപ്പോർട്ട് ചെയ്തത്. രോഹിണി സിംഗ് എന്ന മാധ്യമപ്രവര്‍ത്തകയാണ് വാര്‍ത്ത പുറത്ത് കൊണ്ടു വന്നത്.
2014-15 സാമ്പത്തിക വർഷത്തിൽ ജെയ് ഷായുടെ കമ്പനിയുടെ വരുമാനം വെറും 50,000 രൂപ മാത്രമായിരുന്നെന്നും 2015-16 സാമ്പത്തിക വർഷത്തിൽ ഇത് 80.5 കോടി രൂപയായി ഉയർന്നുവെന്നുമായിരുന്നു റിപ്പോർട്ട്. കമ്പനി രജിസ്ട്രാർ ഓഫീസിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വാർത്ത പുറത്തുവന്നത്.