അമേരിക്കയുടെ അധിക ചുങ്കം കേരളത്തിന്റെ താത്പര്യങ്ങള്‍ക്കും ദേശീയ സമ്പദ്വ്യവസ്ഥക്കും ഗുരുതര ആഘാതം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 8 ഓഗസ്റ്റ് 2025 (17:42 IST)
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ചുമത്തിയ അധിക ചുങ്കം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും കേരളത്തിന്റെ കയറ്റുമതി മേഖലകള്‍ക്കും ഗുരുതരമായ തിരിച്ചടിയാകുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവനന്തപുരത്ത് നടത്തിയ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. ആഭ്യന്തര ഉല്‍പ്പാദന മേഖലകളെ ബാധിക്കുന്ന തരത്തിലുള്ള ഈ നടപടി 'താരിഫ് യുദ്ധ'ത്തിന്റെ ഭാഗമാണെന്നും, തെരഞ്ഞെടുപ്പിന് ശേഷമുള്ള സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ അമേരിക്ക സ്വീകരിച്ച ഭ്രാന്തമായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനം, തൊഴിലവസരങ്ങള്‍, കയറ്റുമതിവിപണി എന്നിവ നേരിട്ട് ബാധിക്കപ്പെടും. ഈ വിഷയത്തില്‍ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുക്കേണ്ടതാണെന്നും രാജ്യം ഒറ്റക്കെട്ടായി അമേരിക്കന്‍ നിലപാടിനെ എതിര്‍ക്കേണ്ടതാണെന്നും ധനമന്ത്രി പറഞ്ഞു.
 
ഡോണാള്‍ഡ് ട്രംപ് സ്വീകരിച്ച അധിക ചുങ്കനടപടികള്‍ കേരളത്തിന്റെ പ്രധാന കയറ്റുമതി മേഖലകളായ ചെമ്മീന്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ടെക്സ്റ്റൈല്‍സ്, കശുവണ്ടി, കയര്‍ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കും. കോവിഡ് കാലത്തുണ്ടായ സാമ്പത്തിക സമ്മര്‍ദ്ദത്തേക്കാള്‍ ഗുരുതരമായ തിരിച്ചടിയാണ് താരിഫ് യുദ്ധത്തിലൂടെ ഉണ്ടാകാന്‍ പോകുന്നത്.
 
അതിനൊപ്പം, തീരുവ കുറക്കുന്ന രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ മത്സര സമ്മര്‍ദ്ദം സൃഷ്ടിക്കും. ഉദാഹരണത്തിന്, യു.കെ. ആഡംബര കാറുകളുടെ തീരുവ 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രധാന ജിഎസ്ടി വരുമാന സ്രോതസ്സായ ഓട്ടോമൊബൈല്‍ മേഖലക്ക് ഇത് വെല്ലുവിളിയാകും. വിദേശ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോഴേ തൊഴിലവസരങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുകയുള്ളൂ.
 
സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളും ഓസ്ട്രേലിയയും ഇന്ത്യയേക്കാള്‍ വില കുറഞ്ഞ പാലും പാല്‍ ഉല്‍പ്പന്നങ്ങളും ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന പക്ഷം, ആഭ്യന്തര ക്ഷീരമേഖലയെയും ഗൗരവമായി ബാധിക്കും. സംസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടത്തില്‍ പ്രീമിയം 500 രൂപയില്‍ നിന്ന് 750 രൂപയായി വര്‍ധിപ്പിച്ചതായും ധനമന്ത്രി അറിയിച്ചു. ഒരു ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ലോകത്ത് എവിടെയും ലഭ്യമല്ലാത്ത ഇന്‍ഷുറന്‍സ് പരിരക്ഷയാണ് മെഡിസെപ്പ് നല്‍കുന്നത്. പരാതികളും നിര്‍ദേശങ്ങളും പരിഗണിച്ച് പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍