ജഗനെ ശനിയാഴ്ച സിബിഐ അറസ്റ്റ് ചെയ്യും?

Webdunia
വെള്ളി, 25 മെയ് 2012 (16:47 IST)
PRO
PRO
വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാവും കടപ്പ എം പിയുമായ ജഗന്‍ മോഹന്‍ റെഡ്ഢിയെ അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ സിബിഐ ചോദ്യം ചെയ്തു. ജഗന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നും സൂചനകളുണ്ട്. ജഗന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സി ബി ഐയുടെ ഈ നീക്കം.

ദില്‍ഖൂസ ഗസ്‌റ്റ് ഹൗസില്‍ വച്ചാണ്‌ ജഗനെ ചോദ്യം ചെയ്തത്. ജഗന്‍ സിബിഐക്കു മുമ്പാകെ ഹാജരാകുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് സര്‍ക്കാര്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം ജഗനെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈ എസ്‌ രാജശേഖര റെഡ്‌ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജഗന്‍ അനധികൃത സ്വത്ത്‌ സമ്പാദിച്ചു എന്ന ആരോപണത്തിലാണ് സി ബി ഐ അന്വേഷണം നടക്കുന്നത്. ജഗന്റെ ബിസിനസ് സാമ്രാജ്യത്തില്‍ 850 കോടി നിക്ഷേപിച്ചുവെന്നാണ്‌ കേസ്. വാന്‍പിക് വാണിജ്യ ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നത്.