ചെന്നൈയില്‍ മനോരമയ്ക്ക് തല്ലും തലോടലും!

Webdunia
ചൊവ്വ, 10 ജനുവരി 2012 (11:14 IST)
രാജ്യത്തെ പുസ്തകമേളകളില്‍ ശ്രദ്ധേയമായ ‘ചെന്നൈ പുസ്തക മേള’യില്‍ സ്റ്റാളിട്ട മലയാള മനോരമയ്ക്ക് തല്ലും തലോടലും. മുല്ലപ്പെരിയാര്‍ വിവാദത്തീയില്‍ എണ്ണ കോരിയൊഴിക്കുന്ന മലയാള മനോരമയുടെ സ്റ്റാള്‍ തമിഴ്നാടിന്റെ തലസ്ഥാനത്ത് നടക്കുന്ന പുസ്തകമേളയില്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് ‘മെയ് 17’ എന്ന സംഘടനയില്‍ പെട്ടവര്‍ പുസ്തക മേളാ പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി.

കൂട്ടമായെത്തിയ ‘മെയ് 17’ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ തുടങ്ങിയതോടെ തെന്നിന്ത്യന്‍ പുസ്തക പ്രസാധക സംഘം രംഗത്തെത്തി. മനോരമയുടെ സ്റ്റാള്‍ അടയ്ക്കാതെ പിരിഞ്ഞ് പോകില്ലെന്ന് ‘മെയ് 17’ പ്രവര്‍ത്തകര്‍ വാശിപിടിച്ചതോടെ മനോരമയുടെ സ്റ്റാള്‍ പുസ്തക മേള നടത്തുന്നവര്‍ മൂടിയിടുകയായിരുന്നു.

എന്നാല്‍, ഇത് തികച്ചും അനീതിയാണെന്നും മുല്ലപ്പെരിയാര്‍ എന്ന പ്രശ്നവുമായി പുസ്തക മേളയെ കൂട്ടിക്കുഴയ്ക്കരുതെന്നും പല സ്റ്റാളുകാരും വാദിച്ചതോടെ രംഗം സംഘര്‍ഷഭരിതമായി. പുസ്തക പ്രദര്‍ശനം നടത്താനുള്ള മനോരമയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ ഒരു സംഘടനയ്ക്കും ആകില്ലെന്ന് ഇവര്‍ വാദിക്കാന്‍ തുടങ്ങിയതോടെ ‘മെയ് 17’ പ്രവര്‍ത്തകര്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക് തയ്യാറായി.

അവസാനം ‘മലയാള മനോരമ’ എന്ന പേരാണ് തങ്ങളെ പ്രകോപിപ്പിക്കുന്നതെന്നും മനോരമയുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ‘ദ വീക്ക്’ എന്ന പേരില്‍ സ്റ്റാള്‍ നടത്തുന്നതില്‍ തങ്ങള്‍ക്ക് വിരോധമില്ലെന്നും ‘മെയ് 17’ പ്രവര്‍ത്തകര്‍ അറിയിച്ചതോടെ വിവാദത്തിന് തിരശീല വീണു. ‘ദ വീക്ക്’ എന്ന പേരിലാണ് പുസ്തക മേളയില്‍ മനോരമയുടെ സ്റ്റാളിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.