ചിറ്റൂർ മേയർ കട്ടാരി അനുരാധയെ(40) ചിറ്റൂർ മുൻസിപ്പൽ കോർപ്പറേഷൻ ഓഫീസിലെ അവരുടെ ചേംബറിൽ കയറി അജ്ഞാതർ വെടിവച്ചുകൊന്നു. അനുരാധയുടെ ഭർത്താവ് കട്ടാരി മോഹന് ഗുരുതരമായി പരുക്കേറ്റു. മോഹനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അക്രമികൾ അനുരാധയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അക്രമികൾ മോഹനെ ലക്‌ഷ്യം വച്ചാണ് കോർപ്പറേഷൻ ഓഫീസിൽ എത്തിയതെന്ന് സൂചനയുണ്ട്. അക്രമികളിൽ രണ്ടുപേർ പിന്നീട് ചിറ്റൂർ വൺ ടൗൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
അനുരാധയുടെ ഇടതുകണ്ണിലും തലയിലുമായി രണ്ടുവെടിയുണ്ടകൾ തറച്ചുകയറിയിരുന്നു. വാളുകളും തോക്കുകളുമയി മോഹനെ അക്രമിക്കുന്നതുകണ്ട് അനുരാധ തടയാനെത്തിയപ്പോഴാണ് അവർക്ക് വെടിയേറ്റതെന്നാണ് പൊലീസ് അറിയിക്കുന്നത്. ആഴത്തിൽ മള്രിവുകൾ ഏറ്റ മോഹൻ മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
തെലുങ്ക് ദേശം പർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് മേയറുടെ കൊലപാതകത്തിൽ എത്തിനിൽക്കുന്നതെന്നാണ് വിവരം. സംഭവത്തിൽ മോഹന്റെ ബന്ധുവായ കെ ചന്ദ്രശേഖറിന്റെയും മുൻ എംഎൽഎ സി കെ ജയചന്ദ്ര റെഡ്ദിയുടെയും പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആയുധങ്ങളുമായി മൂന്നുപേർ ചൊവ്വാഴ്ച ഉച്ചയോടെ മുൻസിപ്പൽ കോർപ്പറേഷൻ ഓഫീസിലെ മേയറുടെ ചേംബറിലെത്തുകയും അക്രമം നടത്തുകയുമായിരുന്നു. ഓഫീസിലെ സഹപ്രവർത്തകരും പാർട്ടി പ്രവർത്തകരും ഓടിയെത്തിയപ്പോഴേക്കും അനുരാധ മരിച്ചിരുന്നു. അക്രമികൾ പർദ്ദ ധരിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു.
മുൻ എം എൽ എ ജയചന്ദ്ര റെഡ്ഡിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് അനുരാധയുടെ ഭർത്താവ് മോഹൻ. ചില ബന്ധുക്കളുമായും മേയറും ഭർത്താവും ശത്രുതയിലായിരുന്നു എന്നാണ് വിവരം. എന്നാൽ കൊലപാതകത്തിൻറെ യഥാർത്ഥ കാരണം എന്താണെന്ന കാര്യത്തിൽ പൊലീസ് ഒരു സ്ഥിരീകരണത്തിലെത്തിയിട്ടില്ല.
ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് 2014ൽ കട്ടാരി മോഹൻ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. എന്നാൽ പിന്നീട് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ അനുരാധ മേയറായി സ്ഥാനമേൽക്കുകയായിരുന്നു.