കോടതി ആക്രമണം: ശ്രീകൃഷ്ണ കമ്മീഷന്‍ അന്വേഷിക്കും

Webdunia
വ്യാഴം, 26 ഫെബ്രുവരി 2009 (14:48 IST)
ചെന്നൈ ഹൈക്കോടതി വളപ്പിലെ പൊലീസ് ‌- അഭിഭാഷക സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജി ബി ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘത്തെ സുപ്രീം കോടതി നിയമിച്ചു. സംഭവത്തെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അന്വേഷണ സംഘത്തോട് ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടുണ്ട്.

ഹൈക്കോടതി വളപ്പിലെ വിവാദമായ പൊലീസ് ഇടപെടലിനെക്കുറിച്ചും ഇതിന് ഉത്തരവ് നല്‍കിയവരെക്കുറിച്ചും കമ്മീഷന്‍ അന്വേഷിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഈ മാസം 19ന് ഹൈക്കോടതി വളപ്പില്‍ നടന്ന പൊലീസ് - അഭിഭാഷക സംഘട്ടനത്തെക്കുറിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ആരുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് ഹൈക്കോടതി വളപ്പില്‍ പ്രവേശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

എല്‍ ടി ടി ഇ വിരുദ്ധ പ്രസ്താവന നടത്തിയ ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്‌മണ്യം സ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 19ന് അഭിഭാഷകര്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രകടനം നടത്തിയ അഭിഭാഷകര്‍ കോടതിക്ക് മുന്നില്‍ വച്ച് പൊലീസിന് നേരെ കല്ലെറിയുകയും തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു.