കസബ് ആയി അഭിനയിച്ചാലും അടി!

Webdunia
വ്യാഴം, 12 ഫെബ്രുവരി 2009 (18:15 IST)
മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ അമിന്‍ കസബ് ആയി ഒരു സിനിമയില്‍ വേഷമിടുന്നതിന് നടന്‍ രാജന്‍ വര്‍മ്മയ്ക്ക് ഭീഷണി. കസബ് ആയി വേഷമിടുന്ന സിനിമയില്‍ നിന്ന് പിന്‍‌മാറണമെന്ന് ആവശ്യപ്പെട്ട് അക്രമികള്‍ നടന്‍റെ കാറ് തകര്‍ത്തു.

മലാഡില്‍ നിന്ന് ഗുര്‍ഗാവിലെ സിനിമ ലൊക്കേഷനിലേക്ക് കാറില്‍ പോവുന്ന വഴിയില്‍ വച്ച് വ്യാഴാഴ്ച രാവിലെ ഒരു കൂട്ടം അക്രമികള്‍ കാറ് തടയുകയായിരുന്നു എന്ന് രാജന്‍ വര്‍മ്മ മലാഡ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇവര്‍ നടന്‍ ഇരുന്ന സീറ്റിനടുത്തേക്ക് എത്തിയപ്പോഴേക്കും വിന്‍ഡോ ഉയര്‍ത്തിയതിനാല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടു. എന്നാല്‍, അക്രമികള്‍ കാറിന്‍റെ പിന്‍‌ഭാഗം തകര്‍ത്തു.

മുംബൈ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രാം ഗോപാല്‍ വര്‍മ്മ നിര്‍മ്മിക്കുന്ന “ടോട്ടല്‍ ടെണ്‍” എന്ന ചിത്രത്തിലാണ് കസബ് ആയി രാജന്‍ വര്‍മ്മ വേഷമിടുന്നത്. സുരീന്ദര്‍ സുരിയാണ് തിരക്കഥയും സംഭാഷണവും.

സിനിമയില്‍ അഭിനയിക്കരുത് എന്ന് ഭീഷണിപ്പെടുത്തിയ സംഘത്തിലുള്ളവരെ ആരെയും പരിചയമില്ല എന്ന് രാജന്‍ വര്‍മ്മ പറഞ്ഞു.