കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്നു

Webdunia
തിങ്കള്‍, 18 ഒക്‌ടോബര്‍ 2010 (15:42 IST)
പതിനാറ് എം‌എല്‍‌എമാരെ അയോഗ്യരാക്കിയ കേസില്‍ വിധി പറയുന്നത് കര്‍ണാടക ഹൈക്കോടതി മാറ്റിവച്ചു. ജഡ്ജിമാര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസം കാരണം കേസ് വിധി പറയുന്നതിന് മറ്റൊരു ബഞ്ചിന് വിടാനും കോടതി തിങ്കളാഴ്ച തീരുമാനിച്ചു.

വിമത എം‌എല്‍‌എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ കര്‍ണാടക ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അനുകൂലിച്ചു എങ്കിലും ബഞ്ചില്‍ എതിരഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേസ് മറ്റൊരു ബഞ്ചിന് വിട്ടത്. കേസ് മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

വിമത എം‌എല്‍‌എമാര്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ജെ. എസ്. ഖേഹര്‍ ജസ്റ്റിസ് എന്‍. കുമാര്‍ എന്നിവരുടെ ബഞ്ച് ഒക്ടോബര്‍ 12 ന് ആണ് ആദ്യം പരിഗണിച്ചത്.

പതിനാറ് വിമതരെ അയോഗ്യരാക്കിയതോടെ സഭയുടെ അംഗബലം 208 ആയി കുറയുകയും ബിജെപി സര്‍ക്കാര്‍ 105 എം‌എല്‍‌എമാരുടെ പിന്തുണയോടെ രണ്ടാമതും വിശ്വാസവോട്ട് നേടുകയും ചെയ്തിരുന്നു. എന്നാല്‍, അയോഗ്യരാക്കിയ സാമാജികര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി വന്നാല്‍ മാത്രമേ വിശ്വാസവോട്ടിന് അംഗീകാരം ലഭിക്കുകയുള്ളൂ.