കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ സർദാർ വല്ലഭായ് പട്ടേലിന്റെ കൂറ്റൻ പ്രതിമയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുൻ ബിജെപി നേതാവുമായ ശങ്കർസിങ് വഗേല. ഒരിക്കൽ ഇഷ്ടപ്പെടാതിരുന്ന സർദാറിന്റെ പേര് ബിജെപിക്ക് ഇപ്പോൾ എങ്ങനെയാണ് ഇഷ്ടമായതെന്നും വഗേല ചോദിച്ചു.
പ്രധാനമന്ത്രിയുടെത് ‘മാർക്കറ്റിങ് ഗിമ്മിക്’ ആണെന്നും സിബിഐയെയും ആർബിഐയെയും ഐക്യത്തിലാക്കുകയാണു പ്രധാനമന്ത്രി ആദ്യം ചെയ്യേണ്ടതെന്നും വഗേല കുറ്റപ്പെടുത്തി. ഇന്ത്യൻ രൂപയെ രക്ഷിക്കാനും ഇന്ധനവില കുറയ്ക്കുന്നതിനുമാണ് ഒന്നിക്കേണ്ടതെന്നും അദ്ദേഹം ഗുജറാത്തിലെ ഗാന്ധിനഗറില്‍ മാധ്യമങ്ങളോടു പറഞ്ഞു.
സർദാർ പട്ടേലിന്റെ ജന്മവാർഷിക ദിനത്തോട് അനുബന്ധിച്ചു ബുധനാഴ്ച പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണു പ്രധാനമന്ത്രി നരേന്ദ്രമോദി.