ഐപിഎല്‍ വാതുവെപ്പ്: ശ്രീശാന്ത് പതിനൊന്നാം പ്രതി

Webdunia
ചൊവ്വ, 30 ജൂലൈ 2013 (17:31 IST)
PRO
PRO
ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് പതിനൊന്നാം പ്രതി. ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ദാവൂദ് ഇബ്രാഹിം ഉള്‍പ്പടെ 39 പ്രതികളാണുള്ളത്. സാകേതിലെ ചീഫ് മെട്രോപൊളിറ്റന്‍ കോടതി മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

വാതുവെപ്പുകാരന്‍ അശ്വനി അഗര്‍വാളാണ് വാതുവെപ്പ് കേസിലെ ഒന്നാംപ്രതി. ശ്രീശാന്തിന്റെ സുഹൃത്തും മലയാളിയുമായ ജിജു ജനാര്‍ദ്ദനന്‍ പന്ത്രണ്ടാം പ്രതിയാണ്. ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും വാതുവെപ്പില്‍ ഗൂഡാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

താരങ്ങള്‍ക്ക് ഹോട്ടലുകളിലും മറ്റും നിയന്ത്രണം ഇല്ലാത്തത് വാതുവെപ്പുകാരെ സഹായിച്ചുവെന്ന് ബിസിസിഐയെ വിമര്‍ശിച്ചുകൊണ്ട് കുറ്റപത്രത്തില്‍ പറയുന്നു. ആറായിരത്തിലധികം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ വാതുവെപ്പിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.