എന്‍റെ മകന്‍ പറഞ്ഞത് തെറ്റ്, കോഴ വാഗ്ദാനമില്ല: ദേവഗൌഡ

Webdunia
വ്യാഴം, 29 മാര്‍ച്ച് 2012 (20:58 IST)
PTI
പ്രധാനമന്ത്രിയായിരിക്കെ പ്രതിരോധ ഇടപാടുകള്‍ക്കായി തന്‍റെ പിതാവിന് കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നു എന്ന എച്ച് ഡി കുമാരസ്വാമിയുടെ വെളിപ്പെടുത്തലിന് എച്ച്‌ ഡി ദേവഗൗഡയുടെ മറുപടി. പ്രതിരോധ ഇടപാടുകളില്‍ തനിക്ക്‌ കോഴ വാഗ്ദാനമുണ്ടായിട്ടില്ലെന്ന്‌ ദേവഗൗഡ അറിയിച്ചു. ഇതോടെ കുമാരസ്വാമിയുടെ വെളിപ്പെടുത്തലിന്‍റെ കാരണം ദുരൂഹമായി.

“കുമാരസ്വാമി ഏത് അര്‍ത്ഥത്തിലാണ് അങ്ങനെ ഒരു പ്രസ്താവന നടത്തിയതെന്ന് അറിയില്ല. ഏതെങ്കിലും ചോദ്യത്തിന് പ്രകോപിതനായതായിരിക്കാം. ഞാന്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ എന്‍റെ പാര്‍ട്ടിയിലെയോ മറ്റേതെങ്കിലും പാര്‍ട്ടിയിലെയോ എം പിമാരില്‍ ആരും തന്നെ ഇത്തരം ഒരു കാര്യവുമായി എന്നെ സമീപിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഞാന്‍ ആരോടെങ്കിലും എന്തെങ്കിലും വിശദീകരണം കൊടുക്കണം എന്ന് തോന്നുന്നില്ല” - ദേവഗൌഡ വ്യക്തമാക്കി.

ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുമാരസ്വാമി വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.

“കൈക്കൂലി വാഗ്ദാനവുമായി ഇടനിലക്കാര്‍ എന്നെയാണ് സമീപിച്ചത്. ഞാന്‍ വഴി എന്‍റെ പിതാവിലേക്ക് എത്താനായിരുന്നു അവരുടെ നീക്കം” - കുമാരസ്വാമി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും തെളിവു നല്‍കാന്‍ അദ്ദേഹം തയാറായില്ല. 1996-97 കാലയളവിലാണ് ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നത്.

നിലവാരമില്ലാത്ത 600 വാഹനങ്ങള്‍ വാങ്ങാന്‍ 14 കോടി കൈക്കൂലി വാഗ്ദാനം ചെയ്തു എന്ന കരസേനാ മേധാവി വി കെ സിംഗിന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതിരോധമന്ത്രി എ കെ ആന്‍റണി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.