ഇ-ടിക്കറ്റിംഗ് റെയില്‍വേയ്ക്ക് പൊല്ലാപ്പായി!

Webdunia
വ്യാഴം, 28 ജൂലൈ 2011 (09:04 IST)
PRO
PRO
ഇന്ത്യന്‍ റെയില്‍വേ ഇ-ടിക്കറ്റ് സേവനം ഉടന്‍ തുടങ്ങുന്നു എന്ന വാര്‍ത്ത ട്രെയിന്‍ യാത്രക്കാര്‍ സന്തോഷത്തോടെയാണ് വരവേറ്റത്. വ്യക്തിഗത ബുക്കിംഗിന് മാത്രമായുള്ള സേവനം ഏറെ ആശ്വാസകരമാകുമെന്ന് പലരും പ്രതീക്ഷിച്ചു. എന്നാല്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ തികയും മുമ്പെ തന്നെ ഈ പരിപാടി നിര്‍ത്തലാക്കേണ്ടിവന്നു.

പോര്‍ട്ടലിന്റെ കാര്യക്ഷമതയെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ നിലയ്ക്കാത്ത പരാതിയെത്തുടര്‍ന്നാണ് റെയില്‍വേയ്ക്ക് ഈ സംവിധാനം നിര്‍ത്തിവയ്ക്കേണ്ടി വന്നത്. റെയില്‍വേയുടെ www.indianrailways.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ഇ‌-ടിക്കറ്റ് സംവിധാനം ലഭ്യമാക്കിയിരുന്നത്. എന്നാല്‍ ടിക്കറ്റിനും മറ്റുമായി ഓണ്‍ലൈനില്‍ പണമടയ്ക്കാന്‍ ശ്രമിച്ച് പരാജയമടഞ്ഞവര്‍ നിരവധി. എസ് ബി ഐ അല്ലാതെ മറ്റ് ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളൊന്നും ഈ പോര്‍ട്ടലില്‍ സ്വീകരിക്കില്ല. പിന്നെയും പരാതികള്‍ നിരവധി. സഹികെട്ടപ്പോള്‍ സേവനം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് റെയില്‍‌വേ അറിയിച്ചു.

ചില സാങ്കേതികപ്രശ്‌നങ്ങള്‍ കാരണമാണ് ഇ-ടിക്കറ്റിംഗ് സംവിധാനം നിര്‍ത്തിവെച്ചതെന്ന് പറയുന്ന റെയില്‍‌വെ അധികൃതര്‍ ഇത് എന്ന് പുനരാരംഭിക്കുമെന്ന് ചോദിക്കുമ്പോള്‍ കൈമലര്‍ത്തുകയാണ്.

മുന്‍ റെയില്‍വേ മന്ത്രിയും കൊല്‍ക്കത്ത മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ജൂലായ് ഏഴിന് കൊല്‍ക്കത്തയിലാണ് ഇ-ടിക്കറ്റിംഗ് ഉദ്ഘാടനം ചെയ്തത്.