ഇന്ത്യ ഭീഷണി നിഴലില്‍ തന്നെ: യുഎസ്

Webdunia
ശനി, 30 ജനുവരി 2010 (11:55 IST)
PRO
ഇന്ത്യയ്ക്കെതിരെ ഭീകരസംഘടനകള്‍ ആക്രമണ പദ്ധതികള്‍ ഒരുക്കുന്നതായുള്ള വിവരങ്ങള്‍ ഇപ്പോഴും ലഭിക്കുന്നുണ്ട് എന്ന് യുഎസ് വിദേശകാര്യ വകുപ്പ്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഇന്ത്യ സന്ദര്‍ശിക്കുന്ന യു എസ് പൌരര്‍ ജാഗ്രതപുലര്‍ത്തണമെന്ന യാത്രാ മുന്നറിയിപ്പും യുഎസ് പുറപ്പെടുവിപ്പിച്ചു.

യുഎസ് പൌരന്‍‌മാര്‍ അല്ലെങ്കില്‍ പാശ്ചാത്യര്‍ സന്ദര്‍ശിക്കുന്ന സ്ഥപങ്ങള്‍ ആക്രമണ ലക്‍ഷ്യമാക്കാനുള്ള ഭീകരുടെ പദ്ധതി നേരത്തെ തന്നെ വെളിവായിട്ടുണ്ട്. ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ ആക്രമണം ഉണ്ടായേക്കാമെന്ന് 26/11 ആക്രമണം തെളിയിച്ചിരിക്കുന്നു. അതിനാല്‍, ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് പൌരര്‍ സുരക്ഷാ കാര്യങ്ങള്‍ക്ക് മുന്‍‌ഗണന നല്‍കണമെന്നും ഏറ്റവും പുതിയ മുന്നറിയിപ്പില്‍ പറയുന്നു.

മതപരമായ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തണമെന്നും സന്ദര്‍ശനത്തിനു മുമ്പ് പ്രാദേശിക വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ മനസ്സിലാക്കിയിരിക്കണമെന്നും യുഎസ് മുന്നറിയിപ്പില്‍ പറയുന്നു.