ഇന്ത്യ-ദ.ആഫ്രിക്ക സഹകരിക്കും

Webdunia
ശനി, 23 ഫെബ്രുവരി 2008 (10:18 IST)
PTI
ഇന്ത്യയും ദക്ഷിണാഫ്രിക്കയും വ്യാപാര, രാഷ്‌ട്രീയ സഹകരണം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിരവധി കരാറുകളില്‍ വെള്ളിയാഴ്‌ച ഒപ്പുവെച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയും ദക്ഷിണാഫ്രിക്കയ്‌ക്കു വേണ്ടി വിദേശകാര്യ മന്ത്രി നക്കോസസാന ലാമിനി-സുമയുമാണ് കരാറുകളില്‍ ഒപ്പുവെച്ചത്.

ബന്ധം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കരാറുകളില്‍ ഒപ്പുവെയ്‌ക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ‘ദക്ഷിണാഫ്രിക്കയും ഇന്ത്യയും മനുഷ്യാവകാശങ്ങളെ വളരെയധികം ബഹുമാനിക്കുന്നു. ഇരു രാഷ്‌ട്രങ്ങളും ആഗോളവല്‍‌ക്കരണം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ഒരുമിച്ച് പോരാടും.

തന്ത്രപ്രധാനമായ ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. ഇരു രാഷ്‌ട്രങ്ങളും പരസ്പരം സഹായ സഹകരണങ്ങള്‍ നല്‍കുവാന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് എംബക്കിയുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ചര്‍ച്ചകളും അദ്ദേഹമായി നടത്തി‘; പ്രണബ് മുഖജി പറഞ്ഞു.

ദക്ഷിണാ‍ഫ്രിക്കന്‍ സന്ദര്‍ശനത്തിനു ശേഷം പ്രണബ് ബ്രസീല്‍ സന്ദര്‍ശിക്കും. ഇന്തോ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക ഉച്ചകോടിയെക്കുറിച്ചുള്ള മുന്നോരുക്കങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്കായിട്ടാണ് പ്രധാനമായും അദ്ദേഹം ഇരു രാഷ്‌ട്രങ്ങളിലും സന്ദര്‍ശനം നടത്തുന്നത്.