ഇന്ത്യയില്‍ വധശിക്ഷ വര്‍ധിച്ചു

Webdunia
വ്യാഴം, 11 ഏപ്രില്‍ 2013 (20:14 IST)
PRO
PRO
ഒരിടവേളക്ക് ശേഷം ഇന്ത്യയില്‍ വധശിക്ഷകള്‍ വര്‍ധിച്ചതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍്റര്‍നാഷണല്‍.

മറ്റ് രാജ്യങ്ങള്‍ വധശിക്ഷകള്‍ ഒഴിവാക്കുമ്പോഴാണ് ഇന്ത്യയില്‍ ഈ ശിക്ഷാ രീതി തിരിച്ചു വരുന്നതെന്നും 60 പേജ് വരുന്ന ആംനസ്റ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുജന സമ്മര്‍ദ്ദവും രാഷ്ട്രീയ ലാഭവുമാണ് ഇന്ത്യയില്‍ വധശിക്ഷകള്‍ നടപ്പാക്കുന്നതിന്റെപ്രധാന കാരണമെന്നും ആംനസ്റ്റി ഇന്‍്റര്‍നാഷണലിന്റെ ഉപദേശകന്‍ ജാന്‍ എറിക് വെറ്റ്സല്‍ പറഞ്ഞു.

ലോകത്ത് പത്ത് രാജ്യങ്ങളില്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം വധശിക്ഷ നടപ്പാക്കിയത്. ചൈന, ഇറാന്‍, ഇറാഖ്, സൗദി അറേബ്യ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലാണ് 2012ല്‍ ഏറ്റവും അധികം പേര്‍ വധശിക്ഷക്കിരയായത്.

പത്ത് രാജ്യങ്ങളില്‍ മൊത്തം 682 വധശിക്ഷകളാണ് നല്‍കിയത്. എന്നാല്‍ ചൈനയിലെ വധശിക്ഷകള്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ചൈനയെ മാറ്റിനിര്‍ത്തിയാല്‍ ഇറാനാണ് ഏറ്റവും അധികം ശിക്ഷ നടപ്പാക്കിയത്. 314 പേരെയാണ് ഇറാനില്‍ തൂക്കികൊന്നത്. ഇതില്‍ ഭൂരിഭാഗവും മയക്കുമരുന്നു കേസുകളില്‍ പിടിക്കപ്പെട്ടവരാണ്.