ഇന്തോനേഷ്യയിലും ഇന്ത്യയിലും ശക്തമായ ഭൂചലനം. ഇന്തോനേഷ്യയില്‍ ശക്തമായ തുടര്‍ചലനങ്ങളും ഉണ്ടായി. ആദ്യ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 8.6 രേഖപ്പെടുത്തിയപ്പോള്‍ 8.2 വരെ രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും ഉണ്ടായി. ഇന്ത്യ ഉള്‍പ്പടെ 28 രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. പിന്നീട് ഇന്ത്യ മുന്നറിയിപ്പ് പിന്‍വലിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 2.08നാണ് ആദ്യ ഭൂചലനമുണ്ടായത്. കേരളത്തില്‍ ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കൊല്ലം, കോഴിക്കോട് എന്നീ സ്ഥലങ്ങളിലാണ് ഭൂചലനമുണ്ടായത്. ചെന്നൈ, ഊട്ടി, ഭുവനേശ്വര്‍, മുംബൈ, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
ചെന്നൈയില്‍ പത്ത് സെക്കന്‍റിലധികം ഭൂചലനം നീണ്ടുനിന്നു. തുറമുഖം അടച്ചു. ബീച്ചുകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി നല്‍കി. കൊല്‍ക്കത്തയില്‍ മെട്രോ റയില്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി.
നാലുമണിക്ക് ശേഷം കേരളത്തിലും തമിഴ്നാട്ടിലും തുടര്‍ചലനങ്ങളുണ്ടായത് പരിഭ്രാന്തി വര്‍ദ്ധിപ്പിച്ചു. ഓഫീസുകള്‍ പലതും നേരത്തേ അടച്ചു. തീരദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കണോ എന്ന കാര്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും ചലനങ്ങള്‍ പിന്നീടുണ്ടാകാത്തതിനാല്‍ ആ നീക്കം ഉപേക്ഷിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദുരന്ത നിവാരണ സേനയും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ബന്ധപ്പെടുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.